ജില്ലാതലത്തിലും താലൂക്ക് തലത്തിലും വിജിലൻസ് സമിതികൾ രൂപീകരിക്കും
ആലപ്പുഴ: റേഷൻ വിതരണം സുതാര്യമാക്കാൻ ജില്ലയിൽ വിജിലൻസ് സമിതികൾ വരുന്നു. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ പ്രവർത്തനം തുടങ്ങും. ജില്ലാ സപ്ലൈ ഓഫീസർ കൺവീനറാകുന്ന സമിതിയിൽ ജില്ലയിലെ പാർലമെന്റ് അംഗങ്ങൾ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, അളവു തൂക്കം, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ, എസ് .സി, എസ്.ടി പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും. സമിതിയുടെ പ്രവർത്തനങ്ങൾ നരിക്ഷിക്കുന്നതിന് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല വിജിലൻസ് സമിതിയും ആർ.ഡി.ഒ അദ്ധ്യക്ഷനായ താലൂക്ക്തല വിജിലൻസ് സമിതിയുമുണ്ടാകും.
ഇൗ മാസം അവസാനത്തോടെ സമിതി പ്രവർത്തനം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുനന്ത്. 3 മാസത്തിലൊരിക്കൽ സമിതി യോഗം ചേരും. താലൂക്ക്തല സമിതി രൂപീകരണവും അവസാനഘട്ടത്തിലാണ്. ആർ.ഡി.ഒ അദ്ധ്യക്ഷനും താലൂക്ക് സപ്ലൈ ഓഫിസർ കൺവീനറുമായ സമിതിയിൽ താലൂക്കിലെ എം.എൽ.എമാരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളായിരിക്കും. ഇവ കൂടാതെ റേഷൻകട തലത്തിലും വിജിലൻസ് സമിതി രൂപീകരിക്കും. റേഷനിംഗ് ഇൻസ്‌പെക്ടർ കൺവീനറായുള്ള ഈ സമിതിയിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റാണ് അദ്ധ്യക്ഷൻ. റേഷൻ കടയിലെ സ്റ്റോക്ക്, ഗുണനിലവാരം എന്നിവ സമിതി സൂക്ഷ്മമായി വിലയിരുത്തും.
.....
സമിതിയുടെ ലക്ഷ്യം
റേഷൻ ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമാക്കുക
ഗുണമേന്മയുള്ള ഭക്ഷ്യധാന്യം ലഭ്യമാക്കുക
പൊതുവിതരണ സംവിധാനത്തിലുണ്ടാകുന്ന പരാതികൾ പരിഹരിക്കുക
....
അനർഹർ 2961
ജില്ലയിൽ തുടർച്ചതായി മൂന്നു മാസം റേഷൻ വിഹിതം വാങ്ങാത്ത 2961പേരെ റേഷൻ അനർഹരാക്കി. കാർഡിൽ ഒരംഗം മാത്രമുള്ളതും ഉടമകൾ മരിച്ചതുമായ കാർഡുകളും റദ്ദാക്കി. സർക്കാർ ഉദ്യോഗസ്ഥർ അടക്കം അനധികൃതമായി മുൻഗണന കാർഡ് കൈവശം വയ്ക്കുന്നവരെ കണ്ടെത്തുന്നതിനും അവരിൽ നിന്നുള്ള പിഴ ഈടാക്കുന്ന നടപടികൾ തുടരുന്നതായി അധികൃതർ പറഞ്ഞു. ഇതുവരെ 287477 രൂപ പിഴ ഈടാക്കി.
.....
പരാതികൾ നേരിട്ട്
റേഷൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും സംബന്ധിച്ചും അനർഹർക്കെതിരെയും ഉപഭോക്താക്കൾക്കു പരാതി നൽകാൻ സുതാര്യത പോർട്ടൽ സംവിധാനം നിലവിലുണ്ട്. http:/pg:civil supplieskerala.govt in എന്ന വെബ് പോർട്ടലിൽ ഓൺലൈനായി അപേക്ഷ നൽകാം. ടോൾഫ്രീ നമ്പർ 1967ലും വിളിക്കാം. ഓഫീസുകളിൽ നേരിട്ടും പരാതി നൽകാം.
......
'' ജില്ലാതല,താലൂക്ക് തല വിജിലൻസ് സമിതികൾ രൂപീകരിക്കുന്നതിനുള്ള പ്രൊപ്പോസൽ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് അയച്ചു. സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ സമിതി പ്രവർത്തനം തുടങ്ങും. സമിതികൾ വരുന്നതോടെ മേഖലയിലെ പ്രവർത്തനം കൂടുതൽ സുതാര്യമാകും
(മുരളി,ജില്ലാ സപ്ലൈ ഒാഫീസർ)
....
'' എൻ.എഫ്.എസ്.എ ഡിപ്പോകളിൽ നിന്ന് റേഷൻ കടകളിൽ എത്തുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ഗുണ മേന്മയും അളവിലെ കൃത്യതയും ഉറപ്പാക്കാനുള്ള കാര്യത്തിൽ വിജിലൻസ് സമതികൾക്ക് അധികാരം നൽകണം. റേഷൻ കടഉടമകൾക്ക് ഉണ്ടാകുന്ന വിവിധ തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം കാണാനുള്ള ചുമതലകൂടെ വിജിലൻസ് സമിതിക്ക് നൽകണം.
(എൻ.ഷിജിർ,കെ.എസ്.ആർ.ആർ.ഡി.എ ഒാർഗനൈസിംഗ് സെക്രട്ടറി)