ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും

ആലപ്പുഴ: 10ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

10ന് രാവിലെ 9 ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ നിർവഹിക്കും. ദേവസം കമ്മിഷണർ ഹർഷൻ മുഖ്യാതിഥിയാകും. തുടർന്ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവിയെ ശ്രീകോവിലിൽ നിന്നും എഴുന്നള്ളിക്കും. പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്‌നി പകരും.11ന് 500ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 41 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് 5.30ന് മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ മുഖ്യാതിഥിയാകും.കേരളത്തിൽനിന്നും ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എം.പിയായ കേശവം അനിൽ പിള്ളയെ മണിക്കുട്ടൻനമ്പൂതിരിയും രാധാകൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ആദരിക്കും. യു.എൻ. വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്‌നി പകരും. തലവടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരൻ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ,മാന്നാർ അബ്ദുൾ ലത്തീഫ്, ജെയ്സപ്പൻ മത്തായി, ബാബു വലിയവീടൻ, ലാലി അലക്സ്, അജിത്ത് പിഷാരത്ത്, അഡ്വ. ഡി.വിജയകുമാർ, ജെയിംസ് ചുങ്കത്തിൽ എന്നിവർ സംസാരിക്കും. അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും സെക്രട്ടറി സന്തോഷ് ഗോകുലം നന്ദിയും പറയും.
ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം 17 മുതൽ 28 വരെ നടക്കും. 20ന് നടക്കുന്ന നാരീപൂജ ബിന്ദു മനോജ് ശ്രീശൈലം ഉദ്ഘാടനം ചെയ്യും. 27ന് കലശവും തിരുവാഭരണ ഘോഷയാത്രയും. ശബരിമലയിലേയ്ക്ക് എന്നതുപോലെ കെട്ടുമുറുക്കി പന്ത്രണ്ടു നോയമ്പ് കാലത്ത് ഇവിടേയ്ക്ക് വരുന്നവരുടെ എണ്ണം ഓരോവർഷവും വർദ്ധിക്കുന്നു.തിരുവല്ല മുതൽ തകഴി വരെയും, ചങ്ങനാശേരി-ചെങ്ങന്നൂർ- പന്തളം റൂട്ടിലും, മാന്നാർ-മാവേലിക്കര റൂട്ടിലും, മുട്ടാർ-കിടങ്ങറ, വീയപുരം-ഹരിപ്പാട് റുട്ടിലും പൊങ്കാല അടുപ്പുകൾ നിരക്കും. ഭക്തർക്കായി ക്ഷേത്ര പരിസരത്ത് പൊങ്കാല ഇൻഫർമേഷൻ സെന്ററുകളുണ്ടാകും.

വാർത്താസമ്മേളനത്തിൽ ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ.ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, പി.ആർ.ഒ. സുരേഷ് കാവുംഭാഗം, ഉത്സവകമ്മറ്റി പ്രസിഡന്റ് കെ.സതീശ്കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് പിക്ഷാരത്ത്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഗ്രീൻ പ്രോട്ടോക്കോൾ

പൊങ്കാലക്ക് പരിസ്ഥിതി മലിനീകരണം തടയാൻ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കും. പ്ലാസ്റ്റിക്ക് ഗ്ലാസ്, പ്ലേയ്റ്റ്, കുപ്പി മുതലായവ ഒഴിവാക്കും. സ്റ്റീൽ പ്ലേയ്റ്റിലും ഗ്ലാസിലും മാത്രമേ ഭക്ഷണവും കുടിവെള്ളവും നല്കുകയുള്ളു എന്ന് ക്ഷേത്രം കാര്യദർശി മണികുട്ടൻ നമ്പുതിരി അറിയിച്ചു.

വിവിധ വകുപ്പുകളുടെ ഏകോപനം

പൊലീസ് കെ.എസ്.ആർ.ടി.സി, ഹെൽത്ത്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, വാട്ടർ
അതോറിറ്റി, എക്സൈസ്, വാട്ടർ ട്രാൻസ്പോർട്ട്, റവന്യു, തുടങ്ങിയ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ മേൽ നോട്ടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 3000ൽപ്പരം പൊലീസ് സേനാംഗങ്ങളുടെ സേവനമുണ്ടാകും. കെ.എസ്.ആർ.ടി.സി സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. തലവടി പഞ്ചായത്ത് ഗ്രൗണ്ടിൽ താത്കാലിക ഓപ്പറേറ്റിംഗ് സ്റ്റാന്റ് പ്രവർത്തിക്കും. ആലപ്പുഴ,തിരുവല്ല ആർ.ഡി.ഒ മാർക്കാണ് കോ-ഓർഡിനേഷൻ ചുമതല. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം
സംവിധാനങ്ങൾക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തി.

ക്ഷേത്ര പരിസരത്ത് താൽകാലിക ഹെൽത്തുസെന്ററുകൾ തുറന്നു.

പാർക്കിംഗ്

പാെങ്കാലദിവസം ചെങ്ങന്നൂർ മുതൽ തകഴി വരെ വാഹന പാർക്കിംഗിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്‌കൂൾ മൈതാനത്തും ജെ.ജെ. ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിലും കോട്ടയം, തൃശൂർ, പുനലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ല മുനിസിപ്പിൽ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ല, എടത്വാ, കോയിൽ മുക്ക് കെ.എസ്. ഇ.ബി സബ്സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, എടത്വാ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചൽസ് സ്‌കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യാനുള്ള ക്രമീകരണം ഒരുക്കി. .