photo

ആലപ്പുഴ: സർവോദയപുരത്തു നിന്ന് കയർ സഹകരണ സംഘത്തിന്റെ മികച്ച മാതൃകയുമായി സ്വരുമ കയർ യൂണിറ്റ്. കയർ കേരള 2019ന്റെ ദേശീയ പ്രദർശന പവലിയനിൽ നാടിനാകെ മാതൃകയായ വിജയകഥയുമായിട്ടാണ് സ്വരുമ എത്തിയിരിക്കുന്നത്.

മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിർദ്ദേശപ്രകാരം പി.കെ.കാളൻ പട്ടികവർഗ സുസ്ഥിര പദ്ധതിയുടെ സഹായത്തോടെ രൂപീകരിച്ച സഹകരണ സംഘമാണ് സ്വരുമ കയർ യൂണിറ്റ്. സർവോദയപുരത്തെ വെള്ളം നിറഞ്ഞ് ചെളിക്കെട്ടായി കിടന്ന ഉൾപ്രദേശത്ത് നിന്ന് 50 സ്ത്രീകളെ കണ്ടെത്തി പരിശീലനം നൽകി കയർ സംഘമായി രൂപീകരിച്ച കഥയാണ് സ്വരുമയ്ക്ക് പറയാനുളളത്. വിവിധയിനം കയർ ഉത്പന്നങ്ങളാണ് സ്വരുമ കൂട്ടായ്മ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നത്.

നഗരസഭ നിയോഗിച്ച രണ്ടു പേരാണ് സ്വരുമ പ്രവർത്തകർക്ക് പരിശീലനം നൽകിയത്. മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കിയ അൻപതു പേർ ഒന്നര വർഷമായി ഇവിടെ ജോലി ചെയ്യുന്നു. പരിശീലന കാലയളവിൽ ഇവർക്ക് പ്രതിദിനം ഇരുന്നുറ് രൂപ സ്റ്റെപ്പൻഡ് ലഭിക്കുമായിരുന്നു. ജോലിയിൽ പ്രവേശിച്ചതിനു ശേഷം മൂന്നുറു രൂപയാണ് ഇവരുടെ പ്രതിദിന വരുമാനം. ആഴ്ചയിലെ ഒരു അവധിദിനം ഒഴികെ 23 മുതൽ 25 ദിനം വരെ ഇവർക്ക് ജോലി ലഭിക്കുന്നുണ്ട്.

നഗരസഭയിലെ രണ്ടു ജീവനക്കാർ പരിശീലനത്തിനുശേഷവും ഇവർക്കൊപ്പം ദൈനംദിന കാര്യങ്ങളും കണക്കുകളും ഉത്പാദന വിവരങ്ങളും ശേഖരിക്കാൻ പ്രവർത്തിക്കുന്നു. ജോലിയിൽ മി​കവ് കാട്ടുന്നവർക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള പരിപാടികളും ഉണ്ട്. സ്വരുമ സംഘത്തിനായി കയർ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ചകിരി കയർ കോർപ്പറേഷനാണ് ഇവർക്ക് നൽകുന്നത്. മാസത്തിൽ നിശ്ചിത അളവിൽ ഉത്പന്നങ്ങൾ നിർമ്മിച്ചു നൽകിയാൽ അതെല്ലാം കയർ കോർപ്പറേഷൻ തന്നെ ഏറ്റെടുത്ത് സംഘത്തിന് ഒരു നിശ്ചിത തുക കൈമാറും.

വി​ജയ തീരത്ത് കയർവകുപ്പ്

സ്വരുമ സൊസൈറ്റി ഫോർ കയർ കോൺഫെഡറേഷൻ രൂപീകരിച്ച് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയതോടെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിന്ന ഒരുകൂട്ടം ആളുകളെ സ്വയം പര്യാപ്തരാക്കാൻ കഴിഞ്ഞെന്ന ചാരിതാർത്ഥ്യമാണ് കയർ വകുപ്പിനുള്ളത്. ഇങ്ങനെ സംസ്ഥാനത്ത് നിരവധി സംഘങ്ങളാണ് ഇന്ന് വരുമാനം കണ്ടെത്തി പോകുന്നത്. തുടർന്നും ഇത്തരത്തിൽ സഹകരണ സംഘ വിജയഗാഥകൾ തീർക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.