ആലപ്പുഴ : തുടർച്ചയായുണ്ടാകുന്ന മടവീഴ്ചയിൽ ജീവിതം ദുരിതപൂർണമായ കൈനകരി കനകാശേരി പാടശേഖരത്തിലെ ബണ്ടുകളിൽ താമസിക്കുന്ന വീട്ടമ്മമാർ പരാതിയുമായി കളക്ടർക്ക് മുന്നിലെത്തി. ഇവിടെ കൽകെട്ടി ബലമുള്ള ബണ്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് 100ൽ അധികം വീട്ടമ്മമാർ കളക്ടർ എം.അഞ്ജനയ്ക്ക് പരാതി നൽകിയത്.
കുപ്പപ്പുറം ഗവ.ഹൈസ്ക്കൂൾ വെള്ളത്തിൽ മുങ്ങുന്നതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് തവണ പാടശേഖരത്തിന്റെ പുറംബണ്ട് തകർന്ന് മടവീണ് കൃഷി നശിച്ചു. ഒരു രൂപപോലും സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെന്ന് കർഷകർ പറഞ്ഞു. പ്രദേശം സന്ദർശിച്ച ശേഷം ആവശ്യമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാമെന്ന് പരാതിക്കാർക്ക് കളക്ടർ ഉറപ്പ് നൽകി. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ മടവീഴ്ചക്ക് ശേഷം മത്സ്യങ്ങൾ ചത്തുപൊങ്ങി രൂക്ഷമായ ദുർഗന്ധം ഉയരുന്നത് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നു.
നാളെ ക്രിസ്മസ് പരീക്ഷ ആരംഭിക്കാനിരിക്കെ കുപ്പപ്പുറം ഗവ.ഹൈസ്ക്കൂളിലെ ക്ളാസ് മുറികളിൽ വെള്ളം കയറികിടക്കുന്നതും രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് 100ൽ അധികം കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. ഇവർക്ക് കുടിവെള്ളം എടുക്കണമെങ്കിൽ പോലും രണ്ട് കിലോമീറ്ററോളം വെള്ളത്തിൽ നീന്തി പുറം ബണ്ടിൽ എത്തണം.ഷാനി, രഞ്ജി, ഭാസുര, ഷിജി,രമ്യ,സിനി എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടമ്മമാർ കളകടറെ കാണാൻ എത്തിയത്.
ഒരിടത്ത് മടവീണാൽ മൂന്ന് പാടം മുങ്ങും
കൈനകരി കനകാശേരി,വലിയകരി, മീനപ്പള്ളി പാടശേഖരങ്ങൾ ഒരു പുറംബണ്ടിന്റെ സംരക്ഷണത്തിലാണ്. ഏതെങ്കിലും ഒരു പാടശേഖരത്തിൽ മടവീണാൽ മൂന്ന് പാടവും മുങ്ങിത്താഴും. കഴിഞ്ഞദിവസം പുറംബണ്ട് പൊട്ടി കൈനകരി കനകാശേരി പാടശേഖരം മുങ്ങി. വിതകഴിഞ്ഞ് 17മുതൽ 23വരെ ദിവസം പ്രായമായ 800 ഏക്കറിലെ നെൽച്ചെടികളാണ് വെള്ളത്തിലായത്. വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളും മടവീഴ്ചയിൽ മുങ്ങി. നൂറോളം വീടുകളും വെള്ളത്തിലായി. കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ കനകാശേരി ചിറയിൽ 17 മീറ്റർ നീളത്തിലാണ് മടവീണത്. ഇവിടെ കൃഷിവകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച 32 മീറ്റർ നീളത്തിൽ മണൽചാക്ക് അടുക്കി ബണ്ട് നിർമ്മിച്ചിരുന്നു. ഇതിന്റെ ഇരുഭാഗത്തും പിള്ള ബണ്ട് നിർമ്മാണം പുരോഗമിക്കുകയായിരുന്നു. മണൽചാക്ക് അടുക്കിയ ബണ്ടിന്റെ പുറം ഭാഗത്ത് പിള്ളബണ്ട് നിർമ്മാണം പൂർത്തിയാവുകയും ചെയ്തിരുന്നു. ചാക്ക് അടുക്കിയതിന്റെ ഒരു അറ്റത്താണ് മടവീണത്. തുടർന്ന് അടുക്കിയ മുഴുവൻ ചാക്കുകളും ഒലിച്ചു പോയി.
കർഷകരുടെ ആവശ്യം
കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക വായ്പകൾ എഴുതിത്തള്ളുക
കൽകെട്ടി ബലമുള്ള പുറംബണ്ടുകൾ നിർമ്മിക്കുക
സഹായവും തുച്ഛം
കഴിഞ്ഞ മടവീഴ്ചക്ക് ശേഷം കൃഷിയിറക്കുന്നതിന് ഏക്കറിന് 40കിലോ നെൽവിത്ത് മാത്രമാണ് കൃഷി വകുപ്പ്നൽകിയത്.
ഏക്കറിന് 60കിലോ വിത്താണ് ഓരോ കർഷകനും വിതച്ചത്.
ഏക്കറിന് 15,000ൽ അധികം രൂപ ചെലവഴിച്ചാണ് കർഷകർ കൃഷിയിറക്കിയത്.