ആലപ്പുഴ: നഗരത്തിലെ പ്രധാന പാലമായ മുപ്പാലം പൊളിച്ച് നാൽപ്പാലമാക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. താനാ ഈസ്റ്റ് ഹൈബാങ്ക് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ പാലത്തിന്റെ രൂപരേഖ തയ്യാറായി കഴിഞ്ഞു. ടെണ്ടർ നടപടികളിലേയ്ക്ക് ഉടൻ കടക്കും. ശവക്കോട്ടപ്പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനത്തിനു തയ്യാറായിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു .
ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും 2020 മാർച്ചോടെ ബൈപ്പാസ് കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം എ.എം. നൗഫൽ, ജില്ല പൊലീസ് മേധാവി കെ.എം. ടോമി, എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ബിനു, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.