ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കയർ ഭൂവസ്ത്രം വാങ്ങുന്നതിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കയർ പൊതുമേഖലാ സ്ഥാപനങ്ങളുമായി 102 കോടി രൂപയുടെ കരാർ ഒപ്പുവച്ചതായി മന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15 കോടിയിൽപ്പരം ചതുരശ്ര മീറ്റർ ഭൂവസ്ത്രമാണ് ഒരുവർഷത്തിനുള്ളിൽ നൽകേണ്ടത്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് 84ലക്ഷം രൂപയുടെ കരാറാണ് നൽകിയത്.

860 ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സാങ്കേതിക വിദഗ്ധർ, ജീവനക്കാർ ഉൾപ്പെടെ അയ്യായിരത്തോളം പേർ ഇന്നലത്തെ ധാരണാപത്രം ഒപ്പു വയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.

14 ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രത്തിന് ഉത്തരവ് നൽകിയ പഞ്ചായത്തുകൾ, ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനവുമായി ധാരണാപത്രം പൊതുവേദിയിൽ വച്ച് ഒപ്പിട്ടു. ഇതിനു പുറമേ ഓരോ ജില്ലയിലും ഏറ്റവും നല്ല നിലയിൽ കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തിയ പഞ്ചായത്തുകളെ ആദരിക്കുകയും ചെയ്തു. ഒരുലക്ഷം രൂപയായിരുന്നു സമ്മാനം.

കയർ ഭൂവസ്ത്രത്തിന്റെ ഉത്പാദനം പരമാവധി നടത്തണമെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സ്റ്റോക്ക് ചെയ്യണമെന്നും നിർദ്ദേശം നൽകി. തടുക്കുതറികൾ ജിയോ ടെക്സ്റ്റയിൽസ് ലൂമുകളായി പരിവർത്തനം ചെയ്യുന്നതിന് സർക്കാർ ധനസഹായം നൽകും. ഭൂവസ്ത്ര നെയ്ത്തിന് ഓട്ടോമാറ്റിക് മില്ലുകൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു. 100 എണ്ണം അടിയന്തിരമായി സ്ഥാപിക്കും.

ഇന്ത്യയിലെ കയർ ഭൂവസ്ത്രത്തിന്റെ കമ്പോളംവിപുലപ്പെടുത്തുന്നതിനായി തൊഴിലുറപ്പ് എൻജിനീയർമാർക്കും മേറ്റുമാർക്ക് ഈമാസം പരിശീലനം നൽകും. ഇതിന് പുറമേ പുല്ല്, രാമച്ചം മറ്റ് ഇനങ്ങളിലുള്ള നടീൽവസ്തുക്കൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

 അവാർഡിന് അർഹമായ പഞ്ചായത്തുകൾ

തിരുവനന്തപുരം-കഠിനംകുളം

കൊല്ലം-തെന്മല

പത്തനംതിട്ട-പള്ളിക്കൽ

ആലപ്പുഴ-കുമാരപുരം

കോട്ടയം-അയ്മനം

ഇടുക്കി-വട്ടവട

എറണാകുളം-ചെല്ലാനം

തൃശൂർ-പറപ്പൂക്കര

പാലക്കാട്-ചലവറ

മലപ്പുറം- വേങ്ങര

കോഴിക്കോട്-ചക്കിട്ടപ്പാറ

വയനാട്-മീനങ്ങാടി

കണ്ണൂർ-ചപ്പാരപ്പടവ്

കാസർകോട്-മഥൂർ