ചേർത്തല:ദേശീയപാതയിൽ അരൂർ മുതൽ –ചേർത്തല ഒറ്റപ്പുന്ന വരെയുള്ള ഭാഗത്ത് അനാവശ്യമായുള്ള 'യു' ടേണുകൾ ഒഴിവാക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.അരൂർ-ഒറ്റപ്പുന്ന വരെ പതിനഞ്ചോളം 'യു' ടേണുകളാണുള്ളത്.പലതും തമ്മിൽ ദൂരമില്ലാത്തതിനാൽ ഗതാഗതക്കുരുക്കും അപകടവും പതിവാണ്.അധികൃതർ പഠനം നടത്തി അനാവശ്യമായവ ഒഴിവാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം നിർദ്ദേശിച്ചു.
ചേർത്തല താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും പ്രവർത്തനം തുടങ്ങാത്ത സി.ടി സ്‌കാൻ സെന്റർ ഉടൻ പ്രവർത്തന യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ആർ.ഉഷ,കെ.സൂര്യദാസ്,വി.ടി. രഘുനാഥൻനായർ,പി.കെ.ഫസലൂദിൻ,എം.ഇ.രാമചന്ദ്രൻനായർ,പി.എസ്.ഗോപിനാഥപിള്ള,ഡോ.എൻ.അനിൽകുമാർ, ടി.ഡി.രമേശൻ,ബി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.