മണ്ണഞ്ചേരി :വീട് കയറി ആക്രമിച്ചത് ചോദ്യം ചെയ്ത മദ്ധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ മഠത്തിപ്പറമ്പ് വീട്ടിൽ പുരുഷോത്തമനെ (53) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആലപ്പുഴ തോണ്ടൻകുളങ്ങര വാർഡിൽ കിളിയൻ പറമ്പിൽ അരുൺകുമാർ (കണ്ണൻ-26), പട്ടണക്കാട് പഞ്ചായത്ത് പുതിയകാവ് വടക്കേടത്ത് വെളിവീട്ടിൽ സുജിത്ത് (40), വെച്ചൂർ പഞ്ചായത്ത് 4-ാം വാർഡിൽ പ്രസന്ന വിലാസം വീട്ടിൽ പ്രജീഷ് (30 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6ന് രാത്രി 9:30 ഓടെ കൂടി മണ്ണഞ്ചേരി പനമൂട് ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിയാണ് പ്രതികൾ അക്രമം നടത്തിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പുരുഷോത്തമൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ കുടുക്കിയത്. കലവൂർ ഭാഗത്ത് വച്ച് ബലപ്രയോഗത്തിലൂടെയാണ് ചേർത്തല ഡിവൈ എസ്.പി എ.ജി.ലാലിന്റെ നിർദ്ദേശാനുസരണം മണ്ണഞ്ചേരി എസ്.ഐ വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടിയത്. കണ്ണൻ ,സുജിത്ത് എന്നിവർ നിരവധി കേസുകളിൽ പ്രതികളും കാപ്പാ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുള്ളവരുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു