തെറ്റാലികളിൽ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്ന മൂത്രസഞ്ചി ട്യൂബുകൾ (കത്തീറ്റർ)
ആലപ്പുഴ: ഉത്സവ സീസൺ ആരംഭിച്ചതോടെ കുട്ടികളെ ഉത്സവപ്പറമ്പുകളിൽ ആകർഷിക്കുന്ന തെറ്റാലികൾ വാങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മൂത്രതടസം ഉള്ളവർക്ക് ആശുപത്രികളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കൃത്രിമ മൂത്രസഞ്ചി ട്യൂബുകളാണ് (കത്തീറ്റർ) ഇത്തരം തെറ്റാലകളിൽ ഉള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ നിന്ന് ഇത്തരം തെറ്റാലികൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തതോടെയാണ് മുന്നറിയിപ്പുമായി അവർ രംഗത്തെത്തിയത്.
പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച ട്യൂബുകൾ ഇത്തരത്തിൽ അനധികൃതമായി പുനരുപയോഗിക്കപ്പെടുന്നതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവച്ചേക്കാമെന്ന ആശങ്കയുണ്ട്. കുട്ടികളുടെ കയ്യിലാണ് ഈ തെറ്റാലികൾ കൂടുതലായും കണ്ടുവരുന്നത്. മുൻ കാലങ്ങളിൽ വീതികൂടിയ റബർ കൊണ്ടുണ്ടാക്കിയ തെറ്റാലി വിപണിയിൽ ലഭ്യമായിരുന്നു. എന്നാൽ ഈ റബറിന്റെ സ്ഥാനത്ത് ഇപ്പോൾ രോഗികളുടെ മൂത്രസഞ്ചിയിലേക്കു കടത്തിവിടുന്ന ട്യൂബാണു ഉപയോഗിക്കുന്നത്. ഇതു മനസിലാക്കാതെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഇവ വാങ്ങി ഉപയോഗിക്കുന്നുണ്ട്. കളിക്കിടെ തെറ്റാലി കടിച്ചുപിടിക്കുന്നതും പതിവാണ്. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. ഉപയോഗിച്ചു കഴിഞ്ഞ മൂത്രട്യൂബ് എത്ര തവണ അണുനശീകരണം നടത്തിയാലും വീണ്ടും ഉപയോഗിക്കാൻ പാടില്ലെന്നാണു വ്യവസ്ഥ. അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും സാദ്ധ്യതയുണ്ട്. ആശുപത്രികളിൽ നിന്ന് പുറന്തള്ളുന്ന പഴയതും അണുനശീകരണം പോലും നടത്താത്തതുമായ ട്യൂബ് കഴുകിയാണ് തെറ്റാലിയായി ഉപയോഗിക്കുന്നത്. കാലാവധി കഴിഞ്ഞതും കേടുവന്നതുമായ ഇത്തരം ട്യൂബുകൾ മെഡിക്കൽ സ്റ്റോറുകാർ അതതു കമ്പനികൾക്കു തിരികെ നൽകുന്നതാണു പതിവ്.
..............................
വരുന്ന വഴി അറിയില്ല
ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചു കഴിഞ്ഞ മൂത്ര ട്യൂബ് സാധാരണയായി ഐ.എം.എയ്ക്കു കീഴിൽ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ‘ഇമേജ്’ ആണ് ആശുപത്രികളിൽ നിന്നു ശേഖരിച്ചു കൊണ്ടുപോകുന്നത്. ഉപേക്ഷിക്കുന്ന കത്തീറ്ററുകൾ ഉയർന്ന ചൂടിൽ സംസ്കരിച്ചു ഉപോത്പന്നങ്ങളുണ്ടാക്കി വീണ്ടും വിപണിയിൽ തിരിച്ചെത്തിക്കാറുണ്ട്. എന്നാൽ തെറ്റാലി ഉണ്ടാക്കാൻ എവിടെനിന്നാണു ഇത്രയധികം ട്യൂബുകൾ ലഭ്യമാകുന്നതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വീതിയുള്ള റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച തെറ്റാലികൾ മാത്രമേ വങ്ങാവൂ എന്നാണ് വിദഗ്ദ്ധരുടെ ഉപദേശം.
.............................................
# കള്ളം തെളിയുന്ന വഴി
മൂത്രസഞ്ചി ട്യൂബിന് മെഡി. സ്റ്റോറുകളിലെ വില: 120 രൂപ
ഒരു തെറ്റാലി നിർമ്മിക്കാൻ വേണ്ടത് 2 ട്യൂബ്
പുതിയ ട്യൂബെങ്കിൽ തെറ്റാലി വില 240ൽ കൂടും
പക്ഷേ, ലഭിക്കുന്ന തെറ്റാലിയുടെ വില 30 രൂപ മാത്രം
ഉപയോഗ ശേഷമുള്ള ട്യൂബ് എന്നത് വ്യക്തം
............................
'കാലാവധി തീർന്ന കത്തീറ്റർ ഉപയോഗിച്ചുണ്ടാക്കുന്ന തെറ്റാലിയുടെ വില്പന പോലും കുറ്റകരമാണ്. ഇതിന്റെ വില്പന ചിലയിടങ്ങളിൽ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്തരം തെറ്റാലികൾ വില്പനയിലുണ്ട്. കർശന നടപടി സ്വീകരിക്കേണ്ട വിഷയമാണിത്'
(ആരോഗ്യവകുപ്പ് അധികൃതർ)