ചേർത്തല: കഞ്ഞിക്കുഴി-മുഹമ്മ റോഡിൽ വനസ്വർഗം ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ വില്പനയ്ക്ക് വച്ചിരുന്ന സിമന്റ് കട്ടകൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട റാന്നി മന്ദിരം അമ്പരത്തിൽ കിഴക്കേതിൽ സുനിലിന്റെ മകൻ വിഷ്ണു (20) ആണ് മരിച്ചത്. അടൂർ ചൂരക്കോട് മഹേഷ് ഭവനിൽ മഹേഷ് (35) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു മരിച്ചു. മഹേഷിന് തലയ്ക്കും വാരിയെല്ലിനുമാണ് പരിക്ക്. എറണാകുളത്ത് സ്വകാര്യ കരാർ ജോലിക്കാരായ ഇരുവരും മുഹമ്മയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഗിരിജയാണ് മാതാവ്. സഹോദരി: വൈഷ്ണവി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.