 നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: കയർ കേരളയുടെ എട്ടാം പതിപ്പിൽ നിന്ന് 399 കോടിയുടെ ഓർഡർ ലഭിച്ചെന്ന് മന്ത്രി തോമസ് ഐസക് വിശദീകരിച്ചു. 103 കോടിയുടെ കയർ ഭൂവസ്ത്രത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതാണ് രണ്ടാമത്തെ നേട്ടം. ഇൻഡ്യയിലെ ആഭ്യന്തര വിപണിയിൽ മാത്രം ചുരുങ്ങിയത് 50,000 ടൺ ഭൂവസ്ത്രത്തിന്റെ ഉറച്ച വിപണിയുണ്ടെന്നും സമാപന ദിവസം നടത്തിയ അവലോകനത്തിൽ മന്ത്രി വ്യക്തമാക്കി.

നേട്ടം നമ്പർ 3: കയർ വ്യവസായത്തിന് ഉത്പാദക സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പാക്കാനായി. കയർ വ്യവസായം നിലവിലുള്ള സംസ്ഥാന മന്ത്രിമാരുടെ സമ്മേളനം മാർച്ച് രണ്ടാം വാരം ആലപ്പുഴയിൽ നടക്കും. ഭൂവസ്ത്ര കമ്പോളത്തിന്റെ വികസനത്തിനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്, ഖനി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ഹിമാലയൻ സംസ്ഥാനങ്ങൾ എന്നിവയെയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

നേട്ടം നമ്പർ 4: റിലയൻസ്, രത്നഗിരി ഇംപക്സ്, വിശാൽ മെഗാ മാർട്ട്, ഡി മാർട്ട്, ഷോപ്പേഴ്സ് സ്റ്റോപ്പ്, ട്രൈഫെഡ്, ഫ്യൂമ, സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ് എന്നീ മാർക്കറ്റ് ചെയിൻ സ്റ്റോറുകളുമായുള്ള കരാറിലൂടെ ഇവരുടെ വ്യാപാര സ്ഥാപനങ്ങളിൽ കയർ ഉത്പന്നങ്ങൾക്ക് ഒരു സ്റ്റാൻഡ് ഉറപ്പാക്കാനായി

നേട്ടം നമ്പർ 5: 80 ചകിരി മില്ലുകൾക്കുള്ള ധാരണാപത്രം ഉണ്ടാക്കാനായി. ഇതിലൂടെ ചകിരിയുടേയും കയറിന്റെയും ഉത്പാദനം വർദ്ധിപ്പിക്കാനാകും. കയർ ഉത്പാദനത്തിനായി 1650 ആട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങൾ കൂടി സ്ഥാപിക്കും. ഭൂവസ്ത്ര ഉത്പാദനത്തിന് 300 പരമ്പരാഗതഭൂവസ്ത്ര തറികളും 200 ആട്ടോമാറ്റിക് തറി യൂണിറ്റുകളും സ്ഥാപിക്കും. സർവ്വീസ് സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കൺസോർഷ്യം തുടങ്ങിയവയിലൂടെ തൊണ്ട് സംഭരിക്കാനാണ് തീരുമാനം.

 തൊഴിലാളികൾക്ക് നേട്ടമുണ്ടാകും

തൊഴിലാളികൾക്ക് സർക്കാർ സഹായം പ്രതിവർഷം 66 കോടിയായിരുന്നത് ഇപ്പോൾ 200 കോടിയാക്കി. 2020-21ൽ തൊഴിൽ ദിനങ്ങൾ 400 ആക്കി വർദ്ധിപ്പിക്കും. സഹകരണ സംഘങ്ങളിലെ തൊഴിലാളികളുടെ ശരാശരി വാർഷിക വരുമാനം ഇപ്പോൾ 29,088 രൂപയാണ്. ഇത് 2020-201ൽ 50,000 രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു.