pl

 ഇല്ലത്തു നിന്ന് ഇറങ്ങി, അമ്മാത്ത് എത്തിയതുമില്ല!

പൂച്ചാക്കൽ: പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് തൈക്കാട്ടുശേരിയെ മോചിപ്പിക്കുക എന്നതായിരുന്നു വിപ്ളവകരമായ ആ ലക്ഷ്യം. വോളണ്ടിയർമാരെ ഇറക്കി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നു, വിവിധ കേന്ദ്രങ്ങളിലായി സംഭരിക്കുന്നു, ഒടുവിൽ പുനരുപയോഗ കേന്ദ്രത്തിലെത്തിച്ച് ഇടിച്ചു പൊടിച്ച് വീണ്ടും ഉപയോഗ യോഗ്യമാക്കുന്നു, അങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു; ഏറ്റവും ഒടുവിൽ സർക്കാരിന്റെ വക ഒരു അവാർഡും... ഇങ്ങനെയൊക്കെയായിരുന്നു തിരക്കഥ.

പക്ഷേ, സംഭവിച്ചതോ; വോളണ്ടിയർ ഇറങ്ങി പ്ളാസ്റ്റിക് ശേഖരിച്ചു, സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ചു, അവിടങ്ങളിൽ സ്ഥലം തികയാതെ വന്നപ്പോൾ ചാക്കുകണക്കിന് മാലിന്യം സ്വന്തം വീടുകളിലേക്കും കൊണ്ടുപോയി. കാത്തിരുന്ന് മടുത്തിട്ടും പ്ളാസ്റ്റിക് പുനരുപയോഗ കേന്ദ്രം മാത്രം സജ്ജമായില്ല. സംഭരണ കേന്ദ്രങ്ങളിലും വീടുകളിലും മാലിന്യ ശേഖരം വല്ലാത്ത പൊല്ലാപ്പായി. വോളണ്ടിയർമാർക്കാവട്ടെ, വേലിയിലിരുന്ന പാമ്പിന്റെ കഥ പോലെയായി കാര്യങ്ങൾ!

തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകൾ മാക്കേക്കവലയിലെ സംഭരണ കേന്ദ്രത്തിലാണ് കെട്ടിക്കിടക്കുന്നത്. ഇവിടെ സ്ഥലലഭ്യത കുറഞ്ഞതോടെ ഹരിതകർമ്മ സേന പ്രവർത്തകരുടെ വീടുകളിലും പ്ലാസ്റ്റിക്കുകൾ ചാക്കുകളിലാക്കി സൂക്ഷിച്ചു തുടങ്ങി. പഞ്ചായത്തിലെ ഒരു വാർഡിൽ നിന്നു രണ്ട് വീതം വോളണ്ടിയർമാരെ തിരഞ്ഞെടുത്ത് ആകെയുള്ള 15 വാർഡിലും പ്രവർത്തനം സജീവമാക്കിയിരുന്നു. വൃത്തിയാക്കി വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ച് വയ്ക്കുന്ന പ്ലാസ്റ്റിക് മാസത്തിൽ രണ്ട് തവണ വോളണ്ടിയർമാരെത്തി ശേഖരിച്ചിരുന്നു. ഓരോ മാസവും മാലിന്യ ശേഖരണത്തിന്റെ ചെലവിലേക്കായി വീടുകളിൽ നിന്നു 30 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 50 രൂപയും ആണ് വാങ്ങിയിരുന്നത്.

സംഭരണ കേന്ദ്രത്തിലും ഹരിത കർമ്മസേന പ്രവർത്തകരുടെ വീടുകളിലും സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൾ അടിയന്തരമായി മാറ്റിക്കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

.............................................

 തുടക്കം 2017ൽ

മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ 2017ൽ അംഗങ്ങളെ തിരഞ്ഞെടുത്ത് പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പരിശീലനം നൽകിയാണ് പ്രവർത്തനം തുടങ്ങിയത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യം ശേഖരിച്ച് മാക്കേക്കവലയിലെ സംഭരണ കേന്ദ്രത്തിൽ എത്തിക്കും. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് നിശ്ചയിച്ച കേന്ദ്രത്തിലുമെത്തിക്കും. ഇവിടെ നിന്നു മാലിന്യം തരംതിരിച്ച് ജില്ലയിലെ പ്ലാസ്റ്റിക് പുനരുപയോഗ കേന്ദ്രങ്ങൾക്ക് കൈമാറുക എന്നതായിരുന്നു പദ്ധതി. ഈ പദ്ധതിയാണ് കുളമായത്.

..........................................

'തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പാണാവള്ളി പഞ്ചായത്തിൽ, ബ്ലോക്കിന്റെ തന്നെ കെട്ടിടത്തിൽ പ്ലാസ്റ്റിക് പുനരുപയോഗ യൂണിറ്റ് സ്ഥാപിക്കാനായി ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ പ്രദേശവാസികളുടെ എതിർപ്പുമൂലം പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നില്ല. പ്രശ്നങ്ങൾ പരിഹരിച്ച് യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും'

(നിർമ്മല ശെൽവരാജ്, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)