അമ്പലപ്പുഴ: ഇന്ത്യയിലാദ്യമായി കർഷകർക്ക് ഒരു ക്ഷേമനിധി ബോർഡ് നിയമം പാസാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണെന്ന് കൃഷി വകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സംസ്ഥാന കർഷക അവാർഡ് ദാനം പ്രീ വൈഗ - 2020 ടി.ഡി മെഡിക്കൽ കോളജ് ഗോൾഡൺ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നിയമസഭയിൽ അവതരിപ്പിച്ച നിയമം സംസ്ഥാനത്തെ കർഷകർക്ക് പരമാവധി സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള എല്ലാ സംരക്ഷണവും നിയമത്തിലുണ്ട്. കർഷക കടാശ്വാസ കമ്മിഷന്റെ അധികാര പരിധി ഉയർത്തിയിരിക്കുന്നു എന്നതും കേരളത്തിലെ കർഷകർക്ക് ഗുണകരമാകാൻ വേണ്ടി ചെയ്തതാണ്. രണ്ട് ലക്ഷം വരെയുള്ള കടങ്ങൾ ഇനി ഇവർക്ക് പരിഗണിക്കാം. വിള ഇൻഷ്വറൻസിന്റെ പരിധിയിലേക്ക് കൂടുതൽ വിളകളെ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കർഷക അവാർഡുകളുടെ വിതരണവും കൃഷി മന്ത്രി നിർവഹിച്ചു. യുവകർഷകനും യുവകർഷകയ്കുമുള്ള അവാർഡ് യഥാക്രമം പാലക്കാട് സ്വദേശി ജ്ഞാന ശരവണനും ഹരിപ്പാട് സ്വദേശി വി. വാണിയും ഏറ്റുവാങ്ങി. ഒരോ ലക്ഷം വീതമാണ് അവാർഡ്. ഹരിത മിത്ര അവാർഡും ഉദ്യാന ശ്രേഷ്ഠ അവാർഡും യഥാക്രമം ആലപ്പുഴ സ്വദേശി ശുഭകേശനും സ്വപ്ന സുലൈമാനും ഏറ്റുവാങ്ങി. സ്വർണമെഡലും ഒരുലക്ഷം രൂപയുമാണ് അവാർഡ്.