പൂച്ചാക്കൽ: വടുതല ദിശ കാരുണ്യ കേന്ദ്രത്തിലെ അന്തേവാസിയും നാടോടികളായ അച്ഛനമ്മമാരുടെ മകളുമായ മഹാലക്ഷ്മി വിവാഹിതയായി. ദിശയുടെ നേതൃത്വത്തിൽ നടക്കുന്ന 21-ാമത്തെ വിവാഹമാണിത്.
അടൂർ സ്വദേശികളായ ബാലകൃഷ്ണന്റെയും കവിതയുടെയും മകളാണ് മഹാലക്ഷ്മി. ആറ് വർഷമായി ദിശയിലാണ് താമസം. തൈക്കാട്ടുശേരി കുട്ടഞ്ചാൽ വിശ്വംഭരന്റെയും ആനന്ദവല്ലിയുടെയും മകൻ മഹേഷാണ് മഹാലക്ഷ്മിക്ക് താലി ചാർത്തിയത്. ചേർത്തല വയലാർ കളവം കോടം ശ്രീശക്തീശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിലെ മുഖ്യ കാർമ്മികൻ ഗോപൻ ശാന്തി ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ദിശ കാരുണ്യ കേന്ദ്രം സെക്രട്ടറി മിർസാദ് പാണ്ടവത്താണ് കന്യാദാനം നിർവ്വഹിച്ചത്. മന്ത്രി പി. തിലോത്തമൻ, അഡ്വ.എ.എം. ആരിഫ് എം.പി, ദിശ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സലിം ചെറുകാട്, സെക്രട്ടറി മിർസാദ് പാണ്ടവത്ത്, കമ്മിറ്റി അംഗം ഷെജീന സലീം, മാനേജർമാരായ സീന മിർസാദ്, സഫിയ ഇസ്ഹാഖ് തുടങ്ങിയവർ പങ്കെടുത്തു. വിവാഹ സദ്യയും ഒരുക്കിയിരുന്നു.