രണ്ടാം നിലയിൽ നിന്ന് ചാടിയ ജീവനക്കാരിക്ക് പരിക്ക്
അരൂർ: ദേശീയപാതയോരത്ത് ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിനു സമീപമുള്ള ബഹുനില കെട്ടിടത്തിലെ ആക്രിക്കടയിൽ തീപിടിത്തം. രക്ഷപ്പെടാനായി രണ്ടാം നിലയിൽ നിന്ന് ചാടിയ ജീവനക്കാരി രാജമ്മയെ (42) സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചന്തിരൂർ പള്ളിപ്പറമ്പിൽ അജയന്റെ (വിനജി) ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട ഉൾപ്പടെയുളള കെട്ടിടം. ആക്രിക്കടക്ക് മുകളിലായി നാല് മുറികളുള്ള ലോഡ്ജുമുണ്ട്. തീപിടിത്തത്തിനിടെ മുറിയിലുണ്ടായിരുന്ന യുവതിയടക്കം രണ്ട് അന്യസംസ്ഥാനക്കാരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അടിയിലെ നിലയിലുണ്ടായ തീപിടിത്തം ഇവർ അറിഞ്ഞിരുന്നില്ല. ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന താഴത്തെ നിലയിലാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. സെക്കൻഡുകൾക്കുള്ളിൽ തീഗോളമായി മാറി. ആക്രി സാധനങ്ങളും ലോഡ്ജിന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.
അരൂരിൽ നിന്ന് രണ്ട് യൂണിറ്റും ചേർത്തലയിൽ നിന്ന് ഒരു യൂണിറ്റുമടങ്ങുന്ന ഫയർഫോഴ്സ് എത്തിയാണ് ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനിടെ തീ പൂർണ്ണമായി അണച്ചത്. അരൂർ ഫയർ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ കെ.വി.മനോഹരൻ, ലീഡിംഗ് ഫയർമാൻ സുരേന്ദ്രൻ, ഫയർമാൻമാരായ കണ്ണൻ, മനോജ്, വിപിൻ ഡാനിയേൽ, ഗംഗപ്രസാദ്, നിക്കോളാസ്, പ്രശാന്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അരൂർ എസ്.ഐ കെ.എൻ.മനോജും സംഘവും സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.