 നിരോധിത കീടനാശിനികളുമായി ഏജന്റുമാർ സജീവം

ആലപ്പുഴ: നിരോധിക്കപ്പെട്ടതും നിലവാരമില്ലാത്തതുമായ കീടനാശിനികളുടെ വില്പന, പുഞ്ച കർഷകരെ ലക്ഷ്യമിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തകൃതിയായി നടക്കുന്നു. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഏറെ ദോഷകരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ നിരോധിച്ച കീടനാശിനികൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലൂടെയും ഏജന്റുമാരിലൂടെയുമാണ് വിറ്റഴിക്കുന്നത്. ഫോണിൽ ആവശ്യപ്പെട്ടാൽ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാനും ആളുണ്ട്.

കീടനാശിനി വില്പനയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിച്ചു നടക്കുന്ന കച്ചവടത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
മുമ്പ് നെൽകൃഷി മേഖലയിലാണ് ഈ കീടനാശിനികൾ കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പച്ചക്കറികളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നെൽക്കൃഷി മേഖലയിൽ ഉൾപ്രദേശങ്ങളിലെ ചില പെട്ടിക്കടകളിലും കീടനാശിനി കമ്പനികളുമായി ബന്ധമുള്ള ഏജന്റുമാരുടെ വീടുകൾ കേന്ദ്രീകരിച്ചും ഇത്തരം കളനാശിനികളും കീടനാശിനികളും സുലഭമായി ലഭിക്കുമെന്ന് കർഷകർ തന്നെ വ്യക്തമാക്കുന്നു.

1968ലെ ഇൻസെക്റ്റിസൈഡ് ആക്ട്, 1971 ലെ ഇൻസെക്റ്റിസൈഡ് റൂൾസ് എന്നീ കേന്ദ്ര ചട്ടങ്ങൾക്കു വിധേയമായാണു സംസ്ഥാനത്ത് കാർഷികാവശ്യങ്ങൾക്കുള്ള കീടനാശിനിയുടെ വില്പനയ്ക്കും വിതരണത്തിനുമുള്ള നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ച് കീടനാശിനികൾ ഉപഭോഗ വസ്തുക്കൾക്കൊപ്പം സൂക്ഷിക്കുന്നതും വിതരണം നടത്തുന്നതും കുറ്റകരമാണ്. ഗാർഹിക കീടനാശിനി വിഭാഗത്തിൽപ്പെടുന്നവയുടെ വിൽപ്പനയ്ക്കും നിയന്ത്രണങ്ങൾ ബാധകമാണ്. അംഗീകൃത വിതരണക്കാർ നൽകുന്ന ഗാർഹിക കീടനാശിനികൾ മാത്രമേ റീട്ടെയിൽ ഷോപ്പുകളിൽ സൂക്ഷിക്കാനും വിതരണം ചെയ്യാനും പാടുള്ളൂ. ഗാർഹിക കീടനാശിനികൾ വിതരണം ചെയ്യുന്ന അംഗീകൃത വിതരണക്കാരന്റെ ലൈസൻസ് കടകളിൽ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് നിയമം.

.................................

# കീടനാശിനി വിപണി

 സംസ്ഥാനത്ത് നിരോധിച്ച മാരക കീടനാശിനി റൗണ്ടപ്പും യഥേഷ്ടം

 25 വ്യത്യസ്ത പേരുകളിൽ റൗണ്ടപ്പ് കർഷകരിലെത്തുന്നു

 ആലപ്പുഴ നഗരം, കോട്ടയം ,ചങ്ങനാശേരി എന്നിവിടങ്ങളിൽ വില്പന കേന്ദ്രങ്ങൾ

 മരുന്ന് സൂക്ഷിക്കുന്നത് കടയുടമയുടെയോ ഏജന്റിന്റെയോ വീടുകളിൽ

 നിരോധിച്ച മരുന്നുകൾക്ക് കുറഞ്ഞ വില വാഗ്ദാനം

 വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അനന്തര ഫലങ്ങളിൽ വ്യക്തതയില്ല

 കീടനാശിനികൾ മണ്ണിലും ജലത്തിലും ഏറെനാൾ നിലനിൽക്കുന്നു

 കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് സാദ്ധ്യതയേറെ

..............................................

.

# നിരോധിച്ച മരുന്നുകൾ

 പാരക്വാട്ട്

 മോണോക്രോട്ടോഫോസ്

 ട്രയാസാഫോസ്

 എഡിഫൻഫോസ്

.................................

# ബോധവത്കരണം കുറവ്

നെൽകൃഷി നടത്തുന്ന കർഷകർക്ക് പ്രകൃതിക്കും മണ്ണിനും ദോഷകരമായ രാസവസ്തുക്കൾ എത്ര അളവിൽ ഉപയോഗിക്കണമെന്ന് അറിയില്ല. എല്ലാവർക്കും നല്ല വിളവ് ലഭിക്കണമെന്ന ലക്ഷ്യം മാത്രമേയുള്ളൂ. ഒരു വിധത്തിലുള്ള ബോധവത്കരണവും ഇക്കാര്യത്തിൽ കൃഷി ഭവനിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് പാടശേഖര സമിതികൾ പറയുന്നത്.

...............................

'ജില്ലയിലേക്ക് കടത്തുന്ന കീടനാശിനികൾ പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ലൈസൻസില്ലാതെ കീടനാശിനികൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

(കൃഷി വകുപ്പ് അധികൃതർ)

....................................

'ഒാരോതരം കളകൾക്കും ഒാരോ തരം കീടനാശിനികളാണ് തളിക്കേണ്ടത്. എന്നാൽ കർഷകർ വിവിധ തരം മരുന്നുകൾ സംയോജിപ്പിച്ചാണ് ഉപയോഗിക്കുന്നത്. ഇത്, തളിക്കുന്ന ആളിനും മണ്ണിനും പ്രകൃതിക്കും കൂടുതൽ ദോഷം ചെയ്യും. കൃഷി വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരുടെ ശരിയായ ബോധവത്കരണം പല കർഷകർക്കും ലഭിക്കുന്നില്ല

(പാടശേഖര സമിതികൾ)