photo

 വരുന്ന ജൂണിന് മുമ്പ് പുനരുജ്ജീവനം പൂർത്തിയാക്കും

ആലപ്പുഴ: കനാലുകളും ചെറു തോടുകളും ഉൾപ്പെടെ, നഗരത്തിലെ 113 ജലനിർഗമന മാർഗ്ഗങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മുംബൈ ഐ.ഐ.ടിയും കിലയും ചേർന്ന് തയ്യാറാക്കിയ കരട് റിപ്പോർട്ട് നഗരസഭാ കൗൺസിൽ അംഗീകരിച്ചു. ഐ.ഐ.ടി പ്രതിനിധി റിപ്പോർട്ട് അവതരിപ്പിക്കാനൊരുങ്ങവേ പദ്ധതി സംസ്ഥാന സർക്കാരിന്റേതാണോ, നഗരസഭയുടേതാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് വാഗ്വാദങ്ങൾക്ക് ഇടയാക്കി. ഏതു പദ്ധതിയായാലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടായിരിക്കും വിനിയോഗിക്കുകയെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ വിശദീകരിച്ചതോടെയാണ് തർക്കം അവസാനിച്ചത്. തുടർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു.

കനാൽ നവീകരണത്തിലൂടെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുംവിധമാണ് പദ്ധതി നടപ്പാക്കുന്നത്. കനാലുകളിലെ നീരൊഴുക്ക് തടസപ്പെടുന്ന ഭാഗങ്ങൾ കൃത്യമായി കണ്ടുപിടിച്ചായിരിക്കും നവീകരണം. അടുത്ത ജൂണിന് മുമ്പ് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം. സമ്പൂർണ്ണ പ്രോജക്ട് തയ്യാറാക്കാൻ ഐ.ഐ.ടി അധികൃതരെ യോഗം ചുമതലപ്പെുത്തി. ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ബഷീർ കോയാപറമ്പിൽ, എ.എ.റസാക്ക്, എ.എം.നൗഫൽ, ജോസ് ചെല്ലപ്പൻ, പ്രവീൻ, കെ.ബാബു, ജോഷിരാജ്, മെഹബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

# കരട് നിദേശത്തിൽ നിന്ന്

 നഗരത്തിലെ പ്രധാന കനാലുകൾ: 9

 ചെറുതോടുകൾ:104

 വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി വർദ്ധിപ്പിക്കും

 പഴയ മാപ്പ് പ്രകാരം കനാലുകളുടെ ലിസ്റ്റ് തയ്യാറാക്കും

 കനാലുകളെ വാർഡ് തലത്തിൽ തിരിക്കും

 കനാലിൽ മാലിന്യങ്ങൾ തള്ളുന്നതു തടയാൻ സമിതികൾ

 കനാലുകളുടെ നീളം, വീതി, ആഴം എന്നിവ അളക്കും

 വെള്ളപ്പൊക്ക തീവ്രത കണക്കിലെടുത്ത് ഹീറ്റ് മാപ്പ് തയ്യാറാക്കും

.............................

# മറ്റ് തീരുമാനങ്ങൾ

 ആവശ്യമായ രേഖകൾ വാങ്ങിയ ശേഷം ബീച്ചിൽ തുറമുഖ വകുപ്പിന്റെ സ്ഥലത്ത് പഠന ആവശ്യത്തിനുള്ള എക്സിബിഷൻ നടത്താൻ അനുമതി

 നഗരസഭ പരിധിയിൽ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ ലഭിച്ച മുഴുവൻ അപേക്ഷകളും അംഗീകരിച്ചു

 വലിയകുളത്ത് 28 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ഓവർഹെഡ് ടാങ്കിന്റെ പൈലിംഗ് അപാകത പരിഹരിക്കാൻ 2.5 കോടിയുടെ പുതിയ എസ്റ്റിമേറ്റ് അംഗീകരിച്ചു

......................................