ആലപ്പുഴ: പാതിരാത്രിയിൽ ലോക് സഭ പാസാക്കിയ പൗരത്വഭേദഗതിബിൽ തീർത്തും വിവേചനപരമാണെന്ന് മുൻ എം.പി യും മാദ്ധ്യമ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യൻപോൾ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ദേശീയതയും പൗരത്വവും മതത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല.മതനിരേപക്ഷതയ്ക്കെതിരായ ഈ ബില്ലിനെ ഹിന്ദുരാഷ്ട്ര രൂപീകരണത്തിന്റെ ഭാഗമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശവും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ പ്രസ്ക്ളബ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഇവിടേക്ക് അഭയാർത്ഥികൾ വരുന്നത് അവിടെ പീഡിപ്പിക്കപ്പെടുന്നതിനാലാണ്. മണ്ണില്ലാതെ ജീവിക്കുന്ന അവസ്ഥ ആർക്കുമുണ്ടാവരുത്.

പൗരത്വ ബില്ലിൽ മനുഷ്യാവകാശ ലംഘനമുണ്ട്.മതപരമായ വിവേചനം പാടില്ലെന്ന് ഭരണഘടന പറയുന്നു.മുസ്ലീമാണെങ്കിൽ പൗരത്വമില്ലെന്ന് പൗരത്വ ബില്ലും. സ്വതന്ത്രമായി മാദ്ധ്യമ പ്രവർത്തനം നടത്താനാവുന്ന രാജ്യമല്ല ഇന്ത്യ.

കേരളത്തിലെ സ്ഥിതിയും ഭിന്നമല്ല.വഞ്ചിയൂർ കോടതിയിൽ മൂന്ന് വർഷമായി മാധ്യമപ്രവർത്തകർക്കുള്ള വിലക്ക് നിലനിൽക്കുന്നു. മജിസ്ട്രേറ്റിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് അവിടെ.ഭരണകൂടത്തിന് ഇഷ്ടക്കേടുണ്ടാക്കുന്ന ഒന്നും വാർത്തയാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വിലക്കുന്ന സ്ഥിതിയുണ്ട്. ഏതു തരത്തിലുള്ള പുസ്തകങ്ങളായാലും കത്തിക്കുന്നതിനോട് യോജിക്കാനാവില്ല.അവർ ആരായാലും.സിസ്റ്റർ ലൂസിക്ക് പുസ്തകമെഴുതാനും എതിർക്കുന്നവർക്ക് മറുപുസ്തകമെഴുതാനും സ്വാതന്ത്ര്യമുണ്ട്.കാനൻ നിയമമനുസരിച്ച് ജീവിക്കാൻ കടപ്പെട്ടവരാണ് കന്യാസ്ത്രീകൾ.എന്നാൽ ഭാരതത്തിന്റെ ഭരണഘടനയും നിയമവുമാണ് ഇവിടെ പ്രധാനം. അതിന് മുകളിൽ പോകുന്ന കാനൻ നിയമം നിഷേധിക്കേണ്ടതാണെന്നും സെബാസ്റ്റ്യൻപോൾ പറഞ്ഞു.

ഞാൻ ഇപ്പോഴും കന്യാസ്ത്രീ :

സിസ്റ്റർ ലൂസി കളപ്പുര

അധികാരവും സ്വാധീനവും സമ്പത്തുമുള്ളവരാണ് രാജ്യത്ത് യഥാർത്ഥ സ്വതന്ത്ര്യം അനുഭവിക്കുന്നതെന്ന് സഭാനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.രാജ്യത്തിന് മുകളിലല്ല കാനൻ നിയമം.സംസ്ഥാനത്ത് ചർച്ച് ആക്റ്റ് നടപ്പാക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.

വികാരങ്ങൾക്കപ്പുറം മനസ് വളരുമ്പോഴാണ് മനുഷ്യാവകാശം ഉണ്ടാകുന്നത്.ക്രൈസ്തവസഭ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതി കൈവരിച്ചെങ്കിലും ഉന്നത സ്ഥാനങ്ങളിലുള്ളവർക്ക് മാനസിക വികാസമുണ്ടായിട്ടില്ല.ഇത് വലിയ പോരായ്മയാണ്.മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന കാനൻ നിയമങ്ങൾ മാ​റ്റപ്പെടണം.കാനൻ നിയമങ്ങൾ ഇന്ത്യക്ക് പുറത്ത് മതി.ഇവിടെ ഭരണഘടന അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാവണം.എല്ലാവർക്കും തുല്യ നീതിയും തുല്യ അവകാശവും ലഭിക്കണം.താനിപ്പോഴും കന്യാസ്ത്രീയാണെന്നും സഭയുടെ ഭാഗമാണെന്നും അവർ പറഞ്ഞു.തന്നെ മുൻ കന്യാസ്ത്രീയെന്ന് വിശേഷിപ്പിക്കുന്നവരോട് പരിഭവമില്ല.

പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.രാജേഷ്, വൈസ് പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ എന്നിവർ സംസാരിച്ചു.