animal

കായംകുളം: മൃഗസംരക്ഷണ വകുപ്പ് ഓണാട്ടുകര കേന്ദ്രീകരിച്ച് തുടക്കം കുറിച്ച മാംസോൽപാദന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന മാംസോത്പാദന പദ്ധതി, പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം കായംകുളത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

പരമ്പരാഗത നാണ്യവിള മേഖലകളിലടക്കം കർഷകൻ വലിയ നഷ്ടം സഹിച്ച് മുന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെയാണ് മാസോത്പാദന മേഖലയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ പോത്തുകുട്ടി വളർത്തൽ അടക്കമുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഓണാട്ടുകരയിൽ നടപ്പാക്കിയ ഇതിന്റെ ഒന്നാം ഘട്ടം വലിയ വിജയമായിരുന്നെന്നും അതിനാൽ തന്നെ പദ്ധതി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

യു. പ്രതിഭ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കായംകുളം മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട നൂറു ഗുണഭോക്താക്കൾക്കാണ് പോത്തുകുട്ടികളെ വിതരണം ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിക്കായി 2.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം. കെ പ്രസാദ് , കായംകുളം നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ,വൈസ് ചെയർപേഴ്സൺ ആർ.ഗിരിജ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. മേരി ജെയിംസ്, നഗരസഭ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.മൃഗ സംരക്ഷണ മേഖലയിലെ പദ്ധതികൾ, സാദ്ധ്യതകൾ, പോത്തുകുട്ടി വളർത്തൽ എന്നീ വിഷയങ്ങളിൽ സെമിനാറും നടന്നു .