പൊങ്കാലയിട്ടത് 15 ലക്ഷത്തോളം വനിതകൾ
ആലപ്പുഴ: അടുപ്പുകളിൽ നിന്നും ആകാശത്തുനിന്നും വമിച്ച തീച്ചൂടിനെ അവഗണിച്ച് അമ്മമാരുൾപ്പെടെയുള്ള ഭക്തലക്ഷങ്ങൾ ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ചു സായൂജ്യരായി.
ഇന്നലെ പുലർച്ചെ വിളിച്ചുചൊല്ലി പ്രാർഥനയ്ക്ക് ശേഷം പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയെ എഴുന്നള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തിച്ചേർന്നപ്പോൾ അടുപ്പിലേക്ക് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്നു. തുടർന്ന് 500ൽ അധികം വേദ പണ്ഡിതരുടെ മുഖ്യകാർമ്മികത്വത്തിൽ 41 ജീവതകളിലായി ദേവിയെ എഴുന്നുള്ളിച്ച് ഓരോ അടുപ്പിനും സമീപമെത്തി പൊങ്കാല നേദിച്ചു. 15 ലക്ഷത്തിലധികം ഭക്തരാണ് ഇത്തവണ പൊങ്കല അർപ്പിച്ചത്. ചടങ്ങുകൾക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികരായിരുന്നു.
പൊങ്കാലയ്ക്കു മുന്നോടിയായി നടന്ന ആദ്ധാത്മിക സംഗമം രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണികുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പൊങ്കാല ഉദ്ഘാടനം നിർവഹിച്ചു. ദേവസം കമ്മിഷണർ ഹർഷൻ മുഖ്യാതിഥിയായിരുന്നു. കുമാരീപൂജയ്ക്ക് ഡി. വിജയകുമാർ, അനിൽകുമാർ,ഹരിക്കുട്ടൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. യു.എൻ.വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകർന്നു.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, അഡ്മിനിസ്‌ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, പി.ആർ.ഒ സുരേഷ് കാവുംഭാഗം, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, ഉത്സവ കമ്മിറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി.കുട്ടപ്പൻ എന്നിവർ പൊങ്കാലയ്ക്ക് നേതൃത്വം നൽകി.
വൈകിട്ട് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ മുഖ്യാതിഥിയായി. സൗത്ത് ആഫ്രിക്കയിൽ പാർലമെന്റംഗം കേശവം അനിൽ പിള്ളയെ ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ജനൂപ് പുഷ്പാകരൻ, കെ.ജി സുനിൽ കുമാര്‍ എന്നിവർ പങ്കെടുത്തു. അഡ്മിനിസ്‌ട്രേറ്റർ അഡ്വ. കെ.കെ ഗോപാലകൃഷ്ണൻ നായർ, പി.ആർ.ഒ. സുരേഷ് കാവുംഭാഗം, ലാലി അലക്‌സ്, ബാബു വലിയവീടൻ, അജിത്ത് കുമാർ പിഷാരത്ത്,രമേശ് ഇളമൺ നമ്പുതിരി, ഹരിക്കുട്ടൻ നമ്പുതിരി, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിച്ചു.
.................................
കലങ്ങൾ നിരന്നത്
70 കിലോമീറ്ററിൽ
ക്ഷേത്രത്തിനു ചുറ്റുമുള്ള 70 കിലോമീറ്റർ പ്രദേശത്താണ് പൊങ്കാലക്കലങ്ങൾ നിരന്നത്. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നൂർ-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാർ-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമൊക്കെ ഭക്തർ കാലേകൂട്ടി ഇടംപിടിച്ചിരുന്നു. തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തർ എത്തി.