തോട്ടപ്പള്ളിയിലെ നിർദ്ദിഷ്ട കേന്ദ്ര നെല്ല് സംഭരണ ശാല നിയമക്കുരുക്കിൽ
ആലപ്പുഴ: സംസ്ഥാനത്തു നിന്ന് സംഭരിക്കുന്ന നെല്ല് ദീർഘനാൾ സൂക്ഷിക്കാനായി അത്യാധുനിക നെല്ല് സംഭരണശാല സ്ഥാപിക്കാൻ, കേന്ദ്ര വെയർഹൗസിംഗ് കോർപ്പറേഷൻ നേതൃത്വത്തിൽ ദേശീയപാതയോരത്ത് തോട്ടപ്പള്ളി പുതിയ പാലത്തിനു സമീപം അഞ്ചു വർഷം മുമ്പ് ഏറ്റെടുത്ത രണ്ട് ഏക്കർ നികത്തുന്നത് തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കുടുങ്ങി. ഇവിടം നിയമത്തിന്റെ പരിധിയിലല്ലെന്ന് വെയർഹൗസിംഗ് കോർപ്പറേഷൻ അധികൃതർ പറയുമ്പോൾ, സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിവന്നാൽ അനുമതി നൽകാമെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.
കേന്ദ്ര-സംസ്ഥാന പദ്ധതിയായി 2014 ജനുവരി 14ന് ആണ് അന്നത്തെ കേന്ദ്രമന്ത്രി കെ.വി.തോമസ് ഗോഡൗണിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. പദ്ധതിക്ക് 11.5 കോടി അനുവദിച്ചിരുന്നു. രാജ്യത്തെതന്നെ പൈലറ്റ് പ്രോജക്ടായിരുന്നു ഇത്. വിജയകരമായാൽ നെല്ല് ഉത്പാദിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ആധുനിക ഗോഡൗൺ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഉത്തരേന്ത്യയിൽ ഗോതമ്പ് കേടുകൂടാതെ സൂക്ഷിക്കാൻ നിർമ്മിച്ചിട്ടുളള മാതൃകയിലാണ് തോട്ടപ്പള്ളിയിലെ നെല്ല് സംഭരണ കേന്ദ്രവും ആവിഷ്കരിച്ചിരുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ നൽകണമെന്നും സർക്കാരോ കൺസ്യൂമർഫെഡോ നിർമ്മാണം ഏറ്റെടുക്കണമെന്നുമായിരുന്നു നിബന്ധന. ഗോഡൗൺ സജ്ജമായാൽ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് നേരിട്ട് സംഭരിക്കാനും വില വേഗം നൽകാനും കഴിയും.
തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള തർക്കത്തിനിടെ കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നൊരു പദ്ധതിയാണ് പാതി വഴിയിൽ കിതയ്ക്കുന്നത്. ഗ്രാവൽ ഇറക്കി നികത്തിത്തുടങ്ങിയ ഭാഗം കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ സന്ദർശിച്ചു. കർഷകരും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ അധികൃതരുമായും ആശയവിനിമയം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
..................................
# കഥ ഇതുവരെ
സ്ഥലം അനുവദിച്ചത് യു.ഡി.എഫ് സർക്കാർ
ഏരിയ പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡ്
ചതുപ്പുനിലം കൈമാറിയത് പ്രത്യേക ഉത്തരവില്ലാതെ
നികത്താൻ അനുവദിച്ചത് 5.5 കോടി
10 സെന്റോളം നികത്തിയപ്പോൾ തണ്ണീർത്തട വിവാദം
തുടർന്ന് പുറക്കാട് വില്ലേജ് ഓഫീസറുടെ വക സ്റ്റോപ്പ് മെമ്മോ
.........................................
# ഗോഡൗൺ രൂപരേഖ
വിസ്തൃതി: 50,000 ചതുരശ്ര അടി
സംഭരണ ശേഷി: 82,000 ക്വിന്റൽ
അനുവദിച്ച തുക: 11.5 കോടി
നാലുവശത്തും വാഹനങ്ങളെത്തും
.................................
'പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച ശേഷം വകുപ്പുകളുടെ റിപ്പോർട്ട് വാങ്ങി മന്ത്രിസഭയിൽ വയ്ക്കും. നെൽകർഷകർക്ക് ഗുണകരമായ പദ്ധതി തടസങ്ങൾ മാറ്റി പ്രാവർത്തികമാക്കാൻ ശ്രമിക്കും'
(വി.എസ്.സുനിൽകുമാർ. കൃഷിമന്ത്രി)
.................................
'കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്കുംഅനുബന്ധ കാര്യങ്ങൾക്കും അപേക്ഷ നൽകി. എന്നാൽ പ്രദേശം തണ്ണീർത്തട സംരക്ഷണ പരിതിയിലുള്ളതാണോ അല്ലയോ എന്ന സർട്ടിഫിക്കറ്റ് ലഭിക്കണം. ഇത് ഹാജരാക്കാനുള്ള പരിശ്രമത്തിലാണ്'
(പി.ആർ.കെ.നായർ, റീജണൽ മാനേജർ, സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ)
...................................
'അനുമതി ഇല്ലാതെ ചതുപ്പ് നിലം നികത്തിയതിനാലാണ് സ്റ്റോപ്പ്മെമ്മോ നൽകിയത്. സ്ഥലത്തിന്റെ ഉടമസ്ഥതാവകാശം റവന്യു വകുപ്പിനും നിർമ്മാണ അനുമതി സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനുമാണ്. നിർമ്മാണ അനുമതിക്കായി ടിക്കാറാം മീണയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മോണിട്ടറിംഗ് സമിതിക്ക് കോർപ്പറേഷൻ നൽകിയ അപേക്ഷ നിരസിച്ചിരുന്നു, ഒരുതരത്തിലുള്ള നിർമ്മാണവും അനുവദിക്കരുതെന്നാണ് ഉത്തരവ്. സർക്കാരിൽ നിന്ന് സ്പെഷ്യൽ ഉത്തരവ് വാങ്ങി വന്നാൽ റവന്യു വകുപ്പ് എതിർക്കില്ല'
(വില്ലേജ് ഓഫീസർ, പുറക്കാട്)