30000ത്തിലധികം പേർ പങ്കാളികളാകും
ചേർത്തല : മുപ്പതിനായിരം പേരെ അണിനിരത്തി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മാലിന്യ വിമുക്തമാക്കുന്ന ഗ്രീൻ തണ്ണീർമുക്കം പദ്ധതിയുടെ പ്രവർത്തനങ്ങൾ 14 ന് പൂർത്തിയാകും. 25 വീടിന് ഒരു ജനകീയ കമ്മറ്റി എന്ന നിലയിൽ പ്രവർത്തിച്ച് വരുന്ന പദ്ധതിയുടെ ഭാഗമായി രാവിലെ 7മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള അഞ്ച് മണിക്കൂർ കൊണ്ട് പഞ്ചായത്ത് പൂർണമായും പ്ലാസ്റ്റിക് ,മാലിന്യ വിമുക്ത ഇടമായി മാറ്റും.പഞ്ചായത്തിലെ ഏതാണ്ട് എല്ലാ ഭവനങ്ങളും ഇതിനകം ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് കഴിഞ്ഞു.ഗ്രാമപഞ്ചായത്ത്,സി.എച്ച്.സി,ചങ്ങനാശേരി ചാരിറ്റി വേൾഡ് ട്രസ്റ്റ്, ഹരിത കേരളമിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോവാർഡിലും 1500 സദ്ധപ്രവർത്തകർ പൊതു ഇടങ്ങൾ വൃത്തിയാക്കും. മാലിന്യങ്ങളെ മൂന്ന് വിഭാഗങ്ങയി തിരിച്ച് പ്രത്യേകം കെട്ടുകളാക്കും. രാവിലെ 7ന് സ്വന്തം ഭവനങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളുമായി പഞ്ചായത്തിൽ മുൻകൂട്ടി നിശ്ചയിച്ച 120 കേന്ദ്രങ്ങളിലേയ്ക്ക് ജനങ്ങൾ എത്തിച്ചേരും. പ്രവർത്തനങ്ങളുടെ ആരംഭം കുറിക്കുന്നതിന്റെ സൂചകമായി രാവിലെ തന്നെ എല്ലാ കേന്ദ്രങ്ങളിലും കതിന വെടി മുഴങ്ങും. മെഗാ ക്ലീനിംഗിന്റെ പ്രചാരണാർത്ഥം എല്ലാ തലങ്ങളിലുമുളള 350ലധികം കൺവെൻഷനുകൾ നടന്നു . എൻ.സി.സി,സ്‌കൗട്ട്,നാഷണൽ സർവീസ് സ്‌കീം,സ്റ്റുഡന്റ് പൊലിസ്,ജൂനിയർ റെഡ്‌ക്രോസ്,നഴ്‌സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ പ്രചാരണ റാലികൾ വിവിധ വാർഡുകളിലായി നടന്നുവരുന്നു. കുടുംബശ്രീ വനിതകളുടെ ഇരുചക്ര വാഹന റാലി,സ്‌കൂൾ കുട്ടികളുടെ സൈക്കിൾ റാലി മൈക്ക് അനൗസ്‌മെന്റ് എന്നിവ നാളെയും മറ്റന്നാളുമായി നടക്കും.
ഒന്നാംഘട്ട പദ്ധതിയുടെ സമാപനം 14ന് ഉച്ചയ്ക്ക് 12ന് പ്രതീക്ഷ സ്‌കൂൾ മൈതാനത്ത് നടക്കും. മന്ത്റിമാരായ ഡോ.ടി.എം തോമസ് ഐസക്ക്,പി.തിലോത്തമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, എ.എം ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു, ചാരിറ്റി വേൾഡ് ഡയറക്ടർ സെബാസ്റ്റ്യൻ പുന്നശ്ശേരി എന്നിവർ പങ്കെടുക്കും.
ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഹരിതാഭമായ, പ്ലാസ്റ്റിക് വിമുക്തമായ, മാലിന്യ വിമുക്തമായ, പകർച്ചവ്യാധി വിമുക്തമായ നാടായി തണ്ണീർമുക്കത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പറഞ്ഞു.