ആലപ്പുഴ: ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താൽ വെള്ളം കുടിച്ചിട്ട് തൊണ്ണാൻ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമുദായത്തെ തകർക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവർ. ആനയെ ഏലക്കാ കൊണ്ട് എറിയുന്നത് പോലെയാവും അവരുടെ ശ്രമങ്ങളെന്നും അദ്ദേഹം പരിഹസിച്ചു. യോഗം രാമങ്കരി ശാഖയുടെ ആഭിമുഖ്യത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
' എസ്.എൻ.ഡി.പി യോഗം റിസീവറെ വച്ചു ഭരിപ്പിക്കുമെന്ന് പറഞ്ഞ് ഒരാൾ കോടതി കയറി നടക്കുന്നു. മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പൊലീസ് മേധാവിയുമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. എന്നെ ജയിലിൽ കിടത്തുമെന്നാണ് പറയുന്നത്. ആരാണ് ജയിലിൽ പോകുന്നതെന്ന് കാണാം. ഞാൻ വീട്ടിൽ തന്നെയുണ്ടാവും. മൈക്രോ ഫിനാൻസിന്റെ ഫണ്ട് വകമാറ്റിയപ്പോൾ ചിലർ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടപ്പോഴാണ് കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? പെണ്ണുങ്ങളെ പറ്റിച്ചെടുത്ത കാശ് എവിടെപ്പോയി? ഫണ്ട് വകമാറ്റിയെങ്കിൽ ഞാനാണോ കുറ്റക്കാരൻ? കട്ടവർ സമാധാനം പറയണം.13 കൊല്ലം ഒപ്പം നടന്നിട്ടും കാണാത്ത കുറ്റമാണ് ഇപ്പോൾ പറയുന്നത്. അധികാരത്തിന്റെ വെള്ളം ധാരാളം കൊടുത്തു. എന്നിട്ടും പോരാ എന്ന മനോഭാവമാണ്. ഏതോ ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ടു പോലും, മന്ത്രിയാവുമെന്ന്. മന്ത്രിമോഹം വന്നപ്പോഴാണ് യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും നശിപ്പിക്കാൻ നടക്കുന്നത്. ധൈര്യമുള്ളവർ ജനകീയ കോടതിയിലേക്ക് വരണം.യോഗത്തിന്റെ ആകെയുള്ള 140 യൂണിയനുകളിൽ 10 ശതമാനം യൂണിയനുകൾ എനിക്കെതിരെ പ്രമേയം പാസാക്കിയാൽ ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണ്. അല്ലെങ്കിൽ വാർഷിക പൊതുയോഗം വരെ കാത്തിരിക്കട്ടെ. ഒരുപാട് അനുഭവിച്ച് കൊള്ളയടിച്ചിട്ട് മാറിനിന്ന് കുറ്റപ്പെടുത്തിയ പല വമ്പന്മാരുമുണ്ട്.. യോഗത്തെ ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ അംഗീകരിക്കുന്നത് കൂട്ടായ്മ കൊണ്ടാണ്- വെള്ളാപ്പള്ളി പറഞ്ഞു.യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു.