ആലപ്പുഴ: സംസ്ഥാനത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിമറിച്ച ചരിത്ര പ്രസിദ്ധമായ അറവുകാട് പ്രഖ്യാപനത്തിന്റെ സുവർണ്ണ ജൂബലി വാർഷികാഘോഷം 14ന് അറവുകാട് ക്ഷേത്രമൈതാനിയിൽ നടക്കുമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി ആർ.നാസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് കർഷക, കർഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചരിത്രസംഗമം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ള, വി.എസ്.അച്യുതാനന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ, ടി.എം.തോമസ് ഐസക്, കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി.രാമകൃഷ്ണൻ, കോലിയക്കോട് കൃഷ്ണൻ നായർ, കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ.ബാലൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.രാഘവൻ, പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ദേശീയ സമിതിയംഗം ഡി ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.