തുറവൂർ: തിരക്കേറിയ തുറവൂർ ബസ് സ്റ്റോപ്പിനരികിലെ അനധികൃത ഇരുചക്ര വാഹന പാർക്കിംഗിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുsങ്ങി.
തുറവൂർ കവലയ്ക്ക് തെക്ക് ഭാഗത്ത് കിഴക്കുവശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം പുലർച്ചെ മുതൽ രാത്രി വരെ നിന്നു തിരിയാനിടമില്ലാത്ത വിധം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇത് കാൽനട, വാഹന യാത്രക്കാർക്കും വ്യാപാരികൾക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലാണ് ചേർത്തല ജോയിന്റ് ആർ.ടി.ഒ അനധികൃത പാർക്കിംഗിനെതിരെ നടപടി പ്രഖ്യാപിച്ചത്.
ഇന്നലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥലത്തെത്തി അനധികൃതമായി പാർക്ക് ചെയ്തിട്ടുള്ള ഇരുചക്ര വാഹനങ്ങളുടെ നമ്പറുകൾ ശേഖരിച്ച് ഉടമകൾക്ക് പിഴ ചുമത്താനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ടത്തിൽ 250 രൂപയും ആവർത്തിച്ചാൽ 500 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം.