സത്യം, ധർമ്മം, സ്നേഹം, സഹനം, സഹിഷ്ണുത തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കെട്ടടങ്ങി. മനുഷ്യൻ വെറും കറന്തൽക്കഷ്ണങ്ങളായി അധഃപതിച്ചു. വിചാരജീവിയായ മനുഷ്യൻ വികാരജീവിയായി. സ്നേഹം പങ്കുവയ്ക്കേണ്ട മനുഷ്യർ തമ്മിൽ വിദ്വേഷവും പകയും വച്ചുപുലർത്തുന്നു.
സ്നേഹമില്ലെങ്കിൽ പൊട്ടിയ ചേങ്ങിലയോ കിണ്ണമോ പോലെയാണ് മനുഷ്യൻ. മനുഷ്യജീവികളെപ്പോലെ അവരും ഒച്ചവയ്ക്കും അത്രമാത്രം. സ്നേഹശൂന്യത തന്നെ മരണം എന്ന കവിവാക്യം നമ്മെ നല്ലവരാക്കട്ടെ. ഒരു പൊലീസുദ്യോഗസ്ഥൻ ഹെൽമെറ്റ് വേട്ടയ്ക്കിടയിൽ ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ടെറിഞ്ഞുവീഴ്ത്തി. ഗുരുതരമായി പരുക്കേറ്റു പത്തൊൻപതുകാരൻ ചികിത്സയിലാണ്. ഈ ക്രൂരത ഉദ്യോഗസ്ഥൻ സ്വയം ചെയ്യുന്നതല്ല. അവനിൽ ഒരു പാപരാക്ഷസൻ കുടികൊള്ളുന്നു. ആ അദൃശ്യശക്തിയുടെ ദുഷ്പ്രേരണയാൽ അയാൾ അറിയാതെ കുറ്റകൃത്യങ്ങൾ ചെയ്യുകയാണ്.
വഞ്ചിയൂർ കോടതിയിൽ നടന്നത് എന്താണ്? നിയമവാഴ്ച നിലനിർത്തേണ്ട വക്കീലന്മാർ കൂകി വിളിക്കുകയും മജിസ്ട്രേറ്റിനെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്തു. 2018-ൽ ലൈംഗിക വിഷയവുമായി ബന്ധപ്പെട്ട ഒരു കേസിൽ വക്കീലന്മാരും പത്രപ്രവർത്തകരും തമ്മിൽ വലിയ പ്രക്ഷോഭം തന്നെനടന്നു. ഇന്ന് സാമാന്യ മനുഷ്യന്റെയുള്ളിൽ രൂഢമൂലമായിരിക്കുന്ന കുറ്റവാസനയും അതിന് അനുസൃതമായി വേഷംകെട്ടുന്ന അധാർമ്മികതയുടെ അരങ്ങേറ്റവുമാണ് നടക്കുന്നത്.
ബഹുമാനപ്പെട്ട പത്രാധിപർ ശ്രീ. ദീപുരവി തൃശൂരിൽ പ്രസംഗിച്ചതുപോലെ ''ആധുനിക സാങ്കേതികവിദ്യകൾ മാറിയേക്കാം, ആശയവിനിമയ മാധ്യമങ്ങൾ മാറിയേക്കാം; എന്നാൽ യാഥാർത്ഥ്യത്തിന് മാറ്റമില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ''. ശ്രീനാരായണഗുരു ദേശങ്ങൾ തോറും ക്ഷേത്രങ്ങൾ സ്ഥാപിച്ചു. അതോടൊപ്പം വേദസാരങ്ങൾ കാച്ചിക്കുറുക്കിയ സ്തോത്രകൃതികൾ രചിച്ചുനൽകി. അങ്ങനെ ദേശങ്ങൾതോറും വേദപാഠശാലകൾ സ്ഥാപിച്ചു. ക്ഷേത്രങ്ങളിൽ ഉത്സവത്തിന് ആളുകൾ തടിച്ചുകൂടിയതല്ലാതെ വേദം പഠിക്കാൻ സമുദായസ്നേഹികൾ താത്പര്യം കാണിച്ചില്ല.
മനസിൽ ഇരുൾ മൂടിയവന് പകലും ഇരുട്ടായി തോന്നും. ഇന്നത്തെ നരാധമന്മാർ രാത്രിയെന്നപോലെ പകലിലും പിടിച്ചുപറിയും കൊള്ളയും നിർദ്ദയം നിർവഹിക്കുന്നു, തന്ത്രപരമായി മുങ്ങുന്നു. ''അഹം'' ഇരുട്ടിൽ മൂടിയാൽ പിന്നെ ''ഞാൻ'' വല്ല കരിംഭൂതമോ രാക്ഷസനോ ആയിത്തീരും. പെൺകുട്ടികളോടും സ്ത്രീത്വത്തോടും ഈ നരാധമന്മാർ കാണിക്കുന്ന മ്ലേച്ഛമായ ക്രൂരതയാണ് കഷ്ടം. എന്തായാലും മാറ്റമില്ലാത്തൊരു സത്യം ഇവിടെ നിലനില്ക്കുന്നുണ്ട്.
ഓരുന്നു ഞങ്ങൾ പിതാവേ ! നിൻ കൺമുന
ദൂരത്തും തേന്മഴ ചാറുമെന്നും
ക്രൂരതതന്നുടെ നേരേയതുതന്നെ
ഘോരമിടിത്തീയായ് മാറുമെന്നും.
എന്ന് ക്രാന്തദർശിയായ മഹാകവി കുമാരനാശാൻ രേഖപ്പെടുത്തിക്കാണുന്നു.
ലേഖകന്റെ വിലാസം
ശ്രീനാരായണ ഗുരുധർമ്മാനന്ദസേവാശ്രമം
ചെട്ടികുളങ്ങര പി.ഒ, മാവേലിക്കര-6
ഫോൺ: 0479 2348879, 9447955551.