മാവേലിക്കര: സംസ്ഥാന പട്ടികജാതി, വർഗ, കിർത്താഡ്സ് വകുപ്പുകൾ ചേർന്ന് മാവേലിക്കരയിൽ സംഘടിപ്പിച്ച ഗദ്ദിക- 2019 മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഇതുവരെ 90,000 കാണികൾ എത്തിയെന്നും ഇതുവരെ 39 ലക്ഷത്തിന്റെ വിറ്റുവരവ് നടന്നതായും ഭാരവാഹകൾ അറിയിച്ചു. ഏഴാമത് ഗദ്ദിക മേളയാണ് മാവേലിക്കരയിൽ നടക്കുന്നത്. ആറ് മേളകളേയും പിന്നിലാക്കുന്ന ജനപങ്കാളിത്തവും വിറ്റുവരവും മാവേലിക്കരയിൽ ലഭിച്ചതായി സംഘാടകർ അറിയ്ച്ചു. 40 ലക്ഷമാണ് ഇതിന് മുമ്പ് നടന്ന മേളയിലെ വിറ്റുവരവ്.
ഗോത്രസമൂഹത്തിന്റെ തനത് കലകളും സംസ്‌കാരവും പൊതുസമൂഹത്തിന് മുന്നിലെത്തിക്കാൻ ഗദ്ദിക മേളയ്ക്ക് കഴിഞ്ഞുവെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറഞ്ഞു. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വള്ളികുന്നം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.കെ. അനിൽ അദ്ധ്യക്ഷനായി. ഫ്രാൻസിസ് ടി.മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. ആർ.രാജേഷ് എം.എർ.എ, കവയിത്രി കനിമോൾ, കിർതാഡ്‌സ് ലക്ചറർ വി.നൈന എന്നിവർ സംസാരിച്ചു.