കറ്റാനം: വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കെ.എസ്.ഇ.ബി കറ്റാനം സബ് സ്റ്റേഷന്റെയും അനുബന്ധ ലൈനായ മോളേത്ത് - കറ്റാനം 66 കെ.വി വൈദ്യുതി സബ് സ്റ്റേഷന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

50 വർഷത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകാത്ത തരത്തിലുള്ള പദ്ധതികളാണ് വൈദ്യുതി വകുപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. വൈദ്യുതി ക്ഷാമമുണ്ടായാൽ പുറത്തു നിന്നു കൊണ്ടു വരാൻ ലൈനുകളില്ലെന്ന സാഹചര്യവും ഇപ്പോഴില്ല. 1.76 ലക്ഷം പുതിയ കണക്ഷനുകൾ ഇപ്പോൾ നല്കിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സൗരോർജ പദ്ധതി പോലുള്ള പുതിയ മാർഗ്ഗങ്ങൾ തേടും. ഊർജമില്ലാതെ മുന്നോട്ടു പോകാനാവില്ല. ഊർജോത്പാദനത്തിനുള്ള നവീന സാദ്ധ്യതകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയായി. വി. ശിവദാസൻ, ജി. വേണുഗോപാൽ, രജനി ജയദേവ്, പ്രൊഫ. വി.വാസുദേവൻ, കെ.സുമ, ആർ. ഗംഗാധരൻ, ലില്ലി ഗോപാലകൃഷ്ണൻ, അന്നമ്മ വർഗീസ്, ജേക്കബ് ഉമ്മൻ, കോശി തുണ്ടുപറമ്പിൽ, എൻ. വേണുഗോപാൽ, ഉഷ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.