ചാരുംമൂട്: നൂറനാട് പുലിമേൽ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നിരന്തര പീഡനത്തിനിരയാക്കിയ യുവാവിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര കൈതക്കോട്ടത്ത് പടിഞ്ഞാറെക്കരയിൽ ഫൈസൽ (24) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ അമ്മ നൂറനാട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. ഫോൺ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് തമിഴ്നാട്ടിലെ ഏർവാടി മുസ്ലീം പള്ളിക്കു സമീപത്തു നിന്നാണ് പിടികൂടിയത്. നൂറനാട് എസ്.ഐ ആയൂബ് ഖാന്റെ നേതൃത്വത്തിൽ അഭിലാഷ്, ഷൈജു, വനിത പൊലീസ് ഓഫീസർ സ്വർണ്ണലത എന്നിവരാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.