ജില്ലയിൽ പദ്ധതിക്ക് തുടക്കം
ആലപ്പുഴ : പട്ടിക വർഗ വിഭാഗങ്ങളിലെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന പി.കെ.കാളൻ പദ്ധതിക്ക് ജില്ലയിൽ തുടക്കം. നാലു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ഇവിടങ്ങളിൽ ഉള്ളാട വിഭാഗത്തിലുള്ള 144 കുടുംബങ്ങളിലായി 2500ഓളം പേരാണുള്ളത്. ഈ കുടുംബങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ഓരോ കുടുംബത്തിന്റെയും ജീവിത പുരോഗതിയ്ക്കായി എന്തൊക്കെ ചെയ്യണമെന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കും. 2016-17 സാമ്പത്തിക വർഷത്തിൽ പട്ടിക വർഗ വകുപ്പ് 5.06 കോടി രൂപയാണ് ജില്ലയിൽ പദ്ധതി നടത്തിപ്പിനായി കുടുംബശ്രീയ്ക്ക് അനുവദിച്ചത്. ആദ്യഘട്ടത്തിൽ, ആലപ്പുഴ മണ്ഡലത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഉള്ളാട വിഭാഗത്തിൽപ്പെട്ട ആളുകളുടെ വീടുകൾ സന്ദർശിച്ചു മാർഗരേഖകൾ തയ്യാറാക്കി. തുടർന്ന് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ കണ്ടെത്തുകയും അതനുസരിച്ചുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുകയും ഈ പ്ലാനിന് സംസ്ഥാനതലത്തിലുള്ള അംഗീകാരം നേടുകയും ചെയ്തു. വീടുകളുടെ അറ്റകുറ്റപ്പണി, പുതിയ വീടുകൾ ലഭ്യമാക്കൽ, ഉപജീവന പദ്ധതികൾ, ടോയ്ലറ്റുകളുടെ നിർമ്മാണം, ആരോഗ്യ-വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളായിരുന്നു ഓരോ കുടുംബത്തിനുമുണ്ടായിരുന്നത്.
പി.കെ.കാളൻ പദ്ധതി
ആദിവാസി മേഖലകൾക്ക് പുറത്ത് വിവിധ പ്രദേശങ്ങളിൽൽ താമസിക്കുന്ന പട്ടിക വർഗ വിഭാഗങ്ങളുടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ഇവർക്ക് ഉപജീവന മാർഗം കണ്ടെത്തി നൽകുന്നതിനുമായി പട്ടിക വർഗ വകുപ്പിന്റെ പൂർണ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്.
72 :പദ്ധതിയിൽ 74 വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ളതിൽ 72 എണ്ണത്തിന്റേത് പൂർത്തിയായി.
15 : 17 പുതിയ വീടുകൾ നിർമ്മിക്കാനുള്ളതിൽ 15 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി.
പദ്ധതി പൂർത്തീകരണം
ഉപജീവന പദ്ധതിക്ക് വേണ്ടി ട്രൈബൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പരിശീലനം കൊടുത്തു. 36 പേരുടെ ഒരു സംഘം കയർ കോർപ്പറേഷനുമായി ചേർന്ന് കയർ മാറ്റ് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നു. വിറകുവെട്ട് ഉപജീവനമാർഗമായി സ്വീകരിച്ച 50 പുരുഷന്മാരെ കണ്ടെത്തി അവർക്ക് വേണ്ടിയുള്ള ഉപജീവന പദ്ധതിയും തയ്യാറാക്കി. 30ഓളം സ്ത്രീകൾക്ക് അവർക്ക് താത്പര്യമുള്ള മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്ത് വരികയാണ്.
നാലു പഞ്ചായത്തുകൾ
ജില്ലയിൽ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്,മണ്ണഞ്ചേരി,ആര്യാട് ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പദ്ധതി
പ്രവർത്തനങ്ങൾ
വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ചേർന്ന് സൂക്ഷ്മ പദ്ധതി ചർച്ച
കുടുംബങ്ങളെ കണ്ടെത്തൽ
കുടുംബ പഠനത്തിനുള്ള മാർഗങ്ങളും പഠന സാമഗ്രികളും പഠന സമയവും തീരുമാനിക്കൽ
വിവരശേഖരണ പരിശീലനം, വിവരശേഖരണം, സൂക്ഷ്മ പദ്ധതി രൂപീകരണം
ചർച്ച ചെയ്ത് പദ്ധതി അന്തിമമാക്കൽ
പഞ്ചായത്തുതല പദ്ധതി വിശദീകരണം
.....
# ജില്ലാ തല കോ ഓർഡിനേഷൻ സമിതി
കുടുംബശ്രീ, ട്രൈബൽ ഡിപ്പാർട്ട്‌മെന്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ഒരു സമിതിയായിരിക്കും ജില്ലാതത്തിൽ പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. അദ്ധ്യക്ഷൻ ജില്ലാ കളക്ടറും കൺവീനർ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുമാണ്. പഞ്ചായത്ത് തല
മേൽനോട്ടത്തിനായി പഞ്ചായത് പ്രസിഡന്റ് അദ്ധ്യക്ഷനായും സി.ഡി.എസ് ചെയർപേഴ്‌സൺ കൺവീനർ
ആയും മേൽനോട്ട സമിതി പ്രവർത്തിക്കും.
.....
# പി.കെ.കാളൻ
വയനാട്ടിലെ ആദിവാസികളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന അടിയാൻ സമുദായത്തിൽ നിന്നാണ് പി.കെ.കാളനെന്ന ആദിവാസി നേതാവുയർന്നു വന്നത്. വയനാട്ടിലെ കർഷക തൊഴിലാളികളുടെ കൂലി സമരത്തിലൂടെ പൊതുരംഗത്ത് സജീവമായി. ഒരേ സമയം സ്വന്തം സമുദായത്തെ ആധുനികവത്കരിക്കാനും കലാ,സാംസ്‌ക്കാരിക തനിമകളെ സമുദായത്തിന്റെ സാംസ്‌കാരിക മൂലധനമാക്കാനും കഴിഞ്ഞതാണ് കാളന്റെ യഥാർത്ഥ സംഭാവന.
......
'' പുരുഷൻമാർക്ക് ലഹരിമോചനത്തിനുള്ള ചികിത്സയും കുടുംബങ്ങളിൽ കൗൺസലിംഗും പദ്ധതിയുടെ ഭാഗമായി നടത്തുന്നു. 5.06 കോടി രൂപ ചിലവുള്ള ഈ പദ്ധതി പൂർത്തിയാക്കുമ്പോൾ രാജ്യത്ത് തന്നെ ആദ്യമായി ട്രൈബൽ കുടുംബങ്ങളുടെ സമഗ്രമായ ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതി മാറും.
(മോൾജി റഷീദ്, ജില്ലാതല പ്രോഗ്രാം ഓഫീസർ)