ആലപ്പുഴ:ക്രിസ്മസ് -ന്യൂഇയർ ആഘോഷങ്ങൾ ലഹരി കൊണ്ട് കൊഴുപ്പിക്കാമെന്ന് കരുതുന്നവർ ജാഗ്രത. മയക്കുമരുന്ന് സാന്നിദ്ധ്യം ശാസ്ത്രീയമായി കണ്ടെത്താനുള്ള സംവിധാനവുമായി എക്സൈസ് വകുപ്പ് തയ്യാർ.നിലവിൽ എക്സൈസ് ഫലപ്രദമായി ഉപയോഗിച്ചുവരുന്ന നർക്കോട്ടിക് ഡ്രഗ്സ് ഡിറ്റക്‌ഷൻ കിറ്റുകളാണ് (എൻ.ഡി.ഡി.കെ) ഉപയോഗിക്കുക.
ഇതുപയോഗിച്ച് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുടെ പ്രാഥമിക പരിശോധന നടത്തി ഏതു തരം മയക്കുമരുന്നാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കാം.പല ജില്ലകളിലും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ വ്യാപകമാവുന്നുവെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊർജ്ജിതമാക്കാൻ എക്സൈസ് തീരുമാനിച്ചത്.
ശാസ്ത്രീയ പരിശോധന കിറ്റ്
ചില പ്രത്യേക തരം രാസവസ്തുക്കൾ നിറച്ച ബോട്ടിലുകളും അവയുടെ ടെസ്റ്റിംഗ് രീതിയും അടങ്ങിയതാണ് എൻ.ഡി.ഡി.കിറ്റ്.പിടികൂടുന്ന ലഹരി വസ്തുക്കളിലേക്ക് മെത്തേഡിൽ പറയും പ്രകാരം രാസവസ്തുക്കൾ ചേർക്കുമ്പോൾ സംഭവിക്കുന്ന നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാവും ഏത് ഇനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്തുക. പൂനെയിലെ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ്,നാഷണൽ കെമിക്കൽ ലബോറട്ടറി എന്നിവർ സംയുക്തമായാണ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 15 വർഷമായി എക്സൈസ് ഈ സംവിധാനം വിജയകരമായി
ഉപയോഗിക്കുന്നുണ്ട്.നർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് കിറ്റ് വിതരണം ചെയ്യുന്നത്.
പരിശോധന കർശനമാക്കി
ജില്ലയിൽ പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയതായി ആലപ്പുഴ
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്. രാജൻ, അസിസ്റ്റന്റ്
എക്സൈസ് കമ്മിഷണർ ജോസ് മാത്യൂ എന്നിവർ അറിയിച്ചു.മദ്യം – മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും 0477- 2251639, 9400069494,
9400069495 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാം.