ആലപ്പുഴ: കേന്ദ്രസർക്കാർ പുതുതായി പാസാക്കിയ തൊഴിൽ നിയമത്തിനെതിരെ തൊഴിലാളി സംഘടനകളുടെ യോജിച്ചുള്ള പോരാട്ടമാണ് ആവശ്യമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിനിമം വേതനം 377രൂപയാക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണം നടത്തിയ മോദിയും കൂട്ടരും അധികാരത്തിൽ വന്നതിന് ശേഷം പാർലമെന്റിൽ പാസാക്കിയ നിയമം അനുസരിച്ച് 177രൂപയേ ലഭിക്കുകയുള്ളു. തൊഴിലാളി വഞ്ചനയാണ് കേന്ദ്രം കാട്ടിയത്. എൽ.ഡി.എഫ് സർക്കാർ മിനിമം വേതനം 600രൂപയാക്കി രാജ്യത്തിന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ചില പൊതുമേഖല സ്ഥാപനങ്ങളിലും തോട്ടം മേഖലയിലും മിനിവമം വേതനം നടപ്പാക്കുന്നതിൽ മടികാണിക്കുന്നുണ്ട്. എല്ലായിടത്തും സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പിനും നിവേദനം നൽകി. വാർത്താസമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും പങ്കെടുത്തു.