നഗരത്തിൽ മൂന്ന് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നാളെ
ആലപ്പുഴ : സമഗ്ര നവീകരണ പാക്കേജിന്റെ ഭാഗമായി നഗരത്തിൽ നിർമ്മിക്കുന്ന മൂന്ന് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. നിലവിലുള്ള ശവക്കോട്ടപ്പാലത്തിന് സമാന്തരമായി മറ്റൊരു പാലം, അതിനോട് ചേർന്ന് കാൽനടയാത്രക്കാർക്കായുള്ള പാലം, കൊമ്മാടി പാലം എന്നീ പാലങ്ങളാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്. 28.45കോടി രൂപയാണ് നിർമ്മാണ ചെലവ്. പാലത്തിന്റെ ഇരുവശവും റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
നഗരത്തിലെ പ്രധാനപ്പെട്ട പാലങ്ങളിൽ ഒന്നാണ് വാടക്കനാലിന് കുറുകേ 1960ൽ ആണ് നിർമ്മിച്ച ശവക്കോട്ടപ്പാലം. അന്നത്തെ വാഹനപ്പെരുപ്പം കണക്കിലെടുത്തുള്ള വീതിയിലാണ് പാലം നിർമ്മിച്ചത്. ഇപ്പോൾ നഗരത്തിൽ ഏറ്റവും കൂടുതൽ ഗാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗങ്ങളിലൊന്നായി ഈ പാലം മാറി. പാലത്തിന്റെ ഇരുവശത്തും മൂന്ന് ദിശകളിൽ നിന്നും റോഡുകൾ വന്നു ചേരുന്നതിനാൽ ഗതാഗത തടസം നിയന്ത്രിക്കാൻ പൊലീസ് പലപ്പോഴും ബുദ്ധിമുട്ടും. അടുത്തകാലത്ത് ഇരുകരകളിലും സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും ഇവ മിഴിതുറന്നിട്ട് ആറ്മാസം കഴിഞ്ഞു. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ പോലും പലപ്പോഴും ശവക്കോട്ടപ്പാലത്തിൽ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. നിർമാണ ഉദ്ഘാടനം നാളെ രാവിലെ 9.15ന് ശവക്കോട്ടപ്പാലത്തിന് സമീപം മന്ത്രി ജി.സുധാകരൻ നിർവഹിക്കും. മന്ത്രി ഡോ.ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. അഡ്വ. എ.എം.ആരിഫ് എം.പി.മുഖ്യ പ്രഭാഷണം നടത്തും.
പഴയ പാലം നിലനിറുത്തും
നിലവിലുള്ള ശവക്കോട്ടപ്പാലം അതേപോലെ നിലനിർത്തിയാണ് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്. ഇതിന് ഒന്നര മീറ്റർ കിഴക്കോട്ടുമാറി കാൽനടയാത്രക്കാർക്കായി മറ്റൊരുപാലം കൂടി നിർമ്മിക്കും. അരനൂറ്റാണ്ടിന് മേൽ പഴക്കമുള്ള കൊമ്മാടി പാലം പൂർണ്ണമായും പൊളിച്ച് നീക്കിയാണ് പുതിയപാലം നിർമ്മിക്കുന്നത്. ഇതിന് പുറമേ ശവക്കോട്ട പാലത്തിന് വടക്കേ കരയിൽ നിന്ന് കൊമ്മാടിപാലം വരെയുള്ള റോഡും നവീകരിക്കും. പുതിയ പാലങ്ങളുടെ പണി പൂർത്തികരിക്കുന്നതോടെ ഈ ഭാഗത്ത് വൺവേ സിസ്റ്റം നടപ്പാക്കാൻ കഴിയും.
പുതിയ പാലങ്ങൾ
ശവക്കോട്ടപ്പാലം:
നീളം 22മീറ്റർ,വീതി 12മീറ്റർ
നടപ്പാലം:
നീളം 22മീറ്റർ, വീതി 7.5മീറ്റർ.
കൊമ്മാടി പാലം:
നീളം 21മീറ്റർ, വീതി 14മീറ്റർ. പാലത്തിന്റെ ഇരുവശവും 1.5മീറ്റർ വീതിയിൽ നടപ്പാത
നിർമ്മാണ ചെലവ് 28.45കോടി