കായംകുളം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പോലുമാകാതെ കൃഷ്ണപുരം മാമ്പ്രക്കന്നേൽ റെയിൽവേ ക്രോസിലെ മേൽപാലം നിർമാണം ഇഴയുന്നു.
പ്രഖ്യാപനങ്ങൾ മാത്രം പെരുമഴപോലെ പെയ്യുമ്പോൾ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയയെങ്കിലും പാതിവഴിയിൽ നിലച്ചു.
റെയിൽവേയുടെ ഉൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. സാമൂഹിക ആഘാത പഠനം പോലും പൂർത്തിയായിട്ടില്ല. ഇതിനുശേഷം വേണം വിജ്ഞാപനം പുറപ്പെടുവിച്ച് നടപടികളിലേയ്ക്ക് കടക്കാൻ.
പാലം നിർമ്മാണത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിരുന്നു. 2017-2018 സംസ്ഥാന ബഡ്ജറ്റിൽ 60 കോടി രൂപ ഇതിനായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഒഫ് കേരള (ആർ.ബി.ഡി.സി.കെ)യെ ആണ് നിർവഹണ ഏജൻസിയായി നിയമിച്ചിട്ടുള്ളത്. ആർ.ബി.ഡി.സി.കെ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റി പരിശോധിച്ച് 31.21 കോടി രൂപയുടെ അംഗീകാരം നൽകുകയായിരുന്നു.
505.82 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലും പതിനൊന്ന് സ്പാനുകളുളള മേൽപ്പാലമാണ് നിർമ്മിക്കുന്നത്. 470 മീറ്റർ നീളത്തിൽ രണ്ട് വരി പാതയായി അപ്രോച്ച് റോഡും 1.50മീറ്റർ വീതിയിൽ നടപ്പാതയും 5.50 മീറ്റർ വീതിയിൽ നടപ്പാതയോടു കൂടിയ സർവീസ് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി 202 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടതായി വരുന്നത്.
പതിറ്റാണ്ടുകളുടെ യാത്രാദുരിതം
മേൽപാലം പൂർത്തിയാകുന്നതോടെ ഒരു പ്രദേശത്തിന്റെ പതിറ്റാണ്ടുകളോളം നീണ്ട യാത്രാദുരിതങ്ങൾക്കാണ് പരിഹാരമാകുന്നത്.
ദേശീയപാതയിൽ നിന്ന് വള്ളികുന്നത്തേക്കും കെ.പി. റോഡിലേക്കുമുള്ള പ്രധാന റോഡിലാണ് ഈ ലെവൽ ക്രോസ്. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള തീവണ്ടികൾ കടന്നുപോകുന്നതിനാൽ ഗേറ്റ് നിരന്തരം അടച്ചിടുകയാണ് ചെയ്യുന്നത്. ഇരുഭാഗത്തേക്കും തീവണ്ടികൾ പോകാനുണ്ടെങ്കിൽ ഗേറ്റ് തുറക്കാൻ പിന്നെയും ഏറെനേരം കാത്തുകിടക്കേണ്ടിയും വരും.
ചിലസമയങ്ങളിൽ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ക്യൂ ദേശീയപാത വരെ നീളും. ഇത് മുക്കട ജംഗ്ഷനിലും ദേശീയ പാതയിലും വരെ ഗതാഗതക്കുരുക്കിന് കാരണമാകും. ഇതിനു പുറമെ തീവണ്ടി കടത്തിവിടാനായി അടക്കുന്ന ഗേറ്റ് പലപ്പോഴും തുറക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഗേറ്റ് തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വാഹനങ്ങൾ കാത്ത് കിടക്കേണ്ടിയും വരുന്നു.
ആക്ഷൻ കൗൺസിലിന്റെ സമരം
കായംകുളം നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ ദേശീയപാതയിൽ കടക്കാനായി കെ.പി. റോഡിലുടെ മുക്കടയിലേക്കെത്തുന്ന വാഹനങ്ങൾക്ക് ലെവൽ ക്രോസിലെ കാത്തുകിടപ്പ് കൂടുതൽ ദുരിതമുണ്ടാക്കുകയും ചെയ്യുന്നു. ഗതാഗത പ്രശ്നം രൂക്ഷമായതോടെ 2004 മുതൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജനങ്ങൾ സമര രംഗത്താണ്.
11
505.82 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലും
പതിനൊന്ന് സ്പാനുകളാണ് പാലത്തിനുള്ളത്
470
470 മീറ്റർ നീളത്തിൽ രണ്ട് വരി പാതയായി
അപ്രോച്ച് റോഡുമുണ്ട്
202
പാലത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കുന്നത് 202 സെന്റ് സ്ഥലം