photo

ആലപ്പുഴ: അടുത്ത വർഷം ഏപ്രിൽ രണ്ട് മുതൽ അഞ്ചു വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ശതാബ്ദി ദേശിയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തോളം സംഘാടക സമിതികൾ 31ന് മുമ്പ് രൂപീകരിക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ.പി.രാജേന്ദ്രനും വർക്കിംഗ് ചെയർമാൻ ടി.ജെ.ആഞ്ചലോസും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ലകളിലും സംഘാടക സമിതികൾ രൂപീകരിച്ചു. വിവിധ ജില്ലകളിൽ 20 സെമിനാറുകൾ സംഘടിപ്പിക്കും. ആദ്യ സെമിനാർ പാലക്കാട് പി.ബാലചന്ദ്രമേനോൻ ദിനത്തോടനുബന്ധിച്ച് നാളെ നടക്കും. കെ.സുബ്ബരായൻ എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും. ആർ.സുഗതൻ ദിനമായ ഫെബ്രുവരി 14 മുതൽ ഒരാഴ്ചക്കാലം സംസ്ഥാനത്ത് ഉടനീളം രക്തദാനം നടത്തും. സമ്മേളനത്തിന് ആവശ്യമായ ഫണ്ട് ഹുണ്ടിക കളക്ഷനിലൂടെ തൊഴിലാളികളിൽ നിന്ന് സമാഹരിക്കും. ഒരു തൊഴിലാളി ഒരുദിവസത്തെ വേതനമാണ് സമ്മേളന ചിലവിനായി നൽകുകയെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ശിവരാജൻ, സെക്രട്ടറി അഡ്വ. വി.മോഹൻദാസ്, ദേശിയ കൗൺസിൽ അംഗം പി.വി.സത്യനേശൻ, സംസ്ഥാന സെക്രട്ടറി ആർ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.