കറ്റാനം: അപകട ഭീക്ഷണിയായി കെ.പി റോഡിലെ കലുങ്കുപാലങ്ങൾ
കെ.പി റോഡിൽ കൊപ്രാപ്പുര ജംഗ്ഷന് സമീപമുള്ള തോട്ടുകര തോടിന്റെ കലുങ്ക് പാലത്തിന്റെ കൈവരികൾ തകർന്നതും കറ്റാനം കിഴക്ക് മാറി കെ.എസ്.ഇ. ബി യ്ക്ക് സമീപമുള്ള ടി.എ കനാലിന്റെ കുറുകെയുള്ള പാലത്തിന്റെ വശങ്ങളിൽ കാടു മൂടിയതുമാണ് അപകടങ്ങൾക്ക് കാരണം..റോഡ് നവീകരണത്തോടെ കലുങ്ക് പാലങ്ങളുടെ കൈവരികൾ ഉയർത്തിക്കെട്ടാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം എന്നാൽ നവീകരണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന് പരിഹാരമായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. റോഡിന് സമ നിരപ്പിലായ രീതിയിലാണ് തോടിന് കുറുകെയുള്ള ആഴമേറിയ കലുങ്ക് പാലങ്ങൾ സ്ഥിതി ചെയ്യുന്നത് . അതിനാൽ ദൂര സ്ഥലങ്ങളിൽ നിന്നുമെത്തുന്ന വാഹന യാത്രക്കാരാണ് അധികവും അപകടത്തിൽ പെടുന്നത്. വാഹന യാത്രക്കാർ പാലത്തിന് അടുത്തെത്തുമ്പോഴാണ് അപകടം മനസിലാക്കുന്നത്. ഇങ്ങനെ പെട്ടെന്ന് വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. വാഹനങ്ങളിൽ മാലിന്യം തള്ളാനെത്തുന്നവരാണ് കൈവരികൾ തകർത്തതെന്ന് പറയുന്നു.
അപകടങ്ങൾ സ്ഥിരമായതോടെ ബ്ലാക്ക് സ്പോട്ടായി അധികൃതർ പ്രഖ്യാപിച്ച കറ്റാനം കെ.എസ്.ഇ.ബി യ്ക്ക് സമീപമുള്ള ടി.എ കനാലിന്റെ ഇടുങ്ങിയ പാലത്തിന്റെ കൈവരികൾ ഉയർത്തിക്കെട്ടാത്തതിനാൽ ഇവിടെ കാടുമൂടിയ നിലയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവിടെ വാഹനാപകടങ്ങളിൽ മരണമടഞ്ഞത് ആറ് പേരാണ് ഗുരുതരമായി പരിക്കേറ്റത് 10 ലധികം പേരും. ഇവിടങ്ങളിൽ സൂചനാ ബോർഡുകൾ ഇല്ലാത്തതും മറ്റ് സിഗ്‌നലുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾ വർദ്ധിക്കുവാൻ കാരണമെന്നും ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇടുങ്ങിയ പാലങ്ങളോട് ചേർന്ന് സൂചനാ ബോർഡുകൾ ഇല്ല. മാത്രമല്ല, യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധം കാടുകയറി കിടക്കുന്നതിനാൽ അപകടം വർദ്ധിക്കാൻ ഇടയാക്കുന്നു. ഇതിന് പരിഹാരമായി അധികൃതർ നടപടി സ്വീകരിക്കണം.
പ്രസാദ്, സമീപവാസി.
അജികുമാർ വള്ളികുന്നം
പടം : ഒന്ന്
കെ.പി. റോഡിൽ കൊപ്രാപ്പുര ജംഗ്ഷന് കിഴക്ക് തോട്ടുകര തോടിന്റെ കുറുകെയുള്ള കൈവരികൾ തകർന്ന പാലം.
പടം : രണ്ട്
കറ്റാനം കെ.പി റോഡിൽ കെ.എസ്.ഇ.ബി യ്ക്ക് സമീപമുള്ള ടി.എ കാനാൽ തോടിന് കുറുകെയുള്ള പാലത്തിന്റെ വശങ്ങളിൽ കാടു വളർന്ന നിലയിൽ