അമ്പലപ്പുഴ:ദേശീയ പാതയിൽ വാഹനാപകടം നടന്നെന്ന വ്യാജ സന്ദേശം ഫയർഫോഴ്സിനെയും പൊലീസിനെയും വലച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് വണ്ടാനത്ത് അപകടം നടന്നതായി മൊബൈൽ സന്ദേശം ആലപ്പുഴ ഫയർഫോഴ്സിന് ലഭിച്ചത്. അപകടത്തിൽപ്പെട്ടവർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു വിവരം. തുടർന്ന് ആലപ്പുഴയിൽ നിന്നും ഒരു യൂണിറ്റും റിക്കവറി വാനും ആംബുലൻസും അപകടസ്ഥലത്തേക്ക് പാഞ്ഞു. വണ്ടാനത്തെത്തിയപ്പോഴേയ്ക്കും സന്ദേശം വന്ന മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ആശുപത്രിയ്ക്ക് സമീപം ആണ് അപകടമെന്ന വിവരമാണ് നൽകിയത്. ഫയർഫോഴ്സ് അലാറമടിച്ച് തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും അപകടം നടന്നതിന്റെ യാതൊരു സൂചന പോലും ലഭിച്ചില്ല. ഒടുവിൽ സന്ദേശം ലഭിച്ച മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന സന്ദേശം ലഭിച്ചതോടെ സംഘം മടങ്ങി. വിളിച്ച ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.