 ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് ജില്ലയിൽ തുടക്കം

ആലപ്പുഴ : ജൈവ സമ്പത്ത് തിരിച്ചു പിടിക്കാൻ ഹരിതകേരളം മിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയ്ക്ക് ജില്ലയിൽ പച്ചക്കൊടി. ആഗോളതാപനത്തിന്റെ വെല്ലുവിളി നേരിടുന്നതിന് ഫലവൃക്ഷങ്ങൾ ഉൾപ്പെടെ മരങ്ങളും ഔഷധ സസ്യങ്ങളും നട്ടുവളർത്തുന്ന പദ്ധതിക്ക് ജൂൺ 5 നാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്വത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ,പഞ്ചായത്തുകളിൽ നിന്ന് ആവശ്യമായ പ്രോത്സാഹനം ലഭിക്കാത്തത് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസത്തിനിടയാക്കി.

സ്ഥലക്കുറവാണ് ജില്ല നേരിട്ട പ്രധാന പ്രശ്നം. സംസ്ഥാനത്ത് പദ്ധതി തുടങ്ങി 5 മാസം കഴിഞ്ഞാണ് ജില്ലയിൽ ആവശ്യമായ സ്ഥലം ലഭ്യമായത്. 29 പഞ്ചായത്തിലും കായംകുളം നഗരസഭയിലും ഹരിതമിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം പരിശീലനം നൽകി. നിലവിൽ അമ്പലപ്പുഴ തെക്ക്,തണ്ണീർമുക്കം,കാവാലം,അരുക്കുറ്റി പഞ്ചായത്തുകളിലാണ് പദ്ധതിക്ക് തുടങ്ങിയിട്ടുള്ളത്. ഇൗ മാസം അവസാനത്തോടെ കൂടുതൽ പച്ചത്തുരുത്തുകൾ തയ്യാറാകുമെന്ന് അധികൃതർ പറഞ്ഞു. പാലക്കാട് ജില്ലയാണ് പദ്ധതിയിൽ സംസ്ഥാനത്ത് മുന്നിട്ട് നിൽക്കുന്നത്. പിന്നിൽ ആലപ്പുഴയും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളാണ് പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് തിരഞ്ഞെടുത്തത്. അരസെന്റ് മുതൽ കൂടുതൽ വിസ്തൃതിയുള്ള ഭൂമിയിൽ വരെ പച്ചത്തുരുത്തുകൾ സ്ഥാപിക്കാം. അന്തരീക്ഷത്തിലെ അധിക കാർബണിനെ ആഗിരണം ചെയ്ത് സംഭരിക്കുന്ന പച്ചത്തുരുത്തുകൾ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.

 പച്ചത്തുരുത്ത് പദ്ധതി

തരിശ് സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഓരോ പ്രദേശങ്ങളിലും സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ചുമതല.

ജില്ലയിൽ

ഗ്രാമപഞ്ചായത്ത്: 29

നഗരസഭ: 1

പലതരം വൃക്ഷങ്ങൾ

ഉയരം കൂടിയ വൃക്ഷങ്ങൾ,ഇടത്തരം വൃക്ഷങ്ങൾ,ഒൗഷധ ചെടികൾ,ഫലവൃക്ഷങ്ങൾ,വള്ളിച്ചെടികൾ എന്നിവ നട്ട് വളർത്തി പരിപാലിക്കും. ഒാരോ പ്രദേശത്തെ ഭൂപ്രകൃതിയ്ക്കനുസരിച്ചുള്ള വൃക്ഷങ്ങളാണ് തിരഞ്ഞെടുക്കുക.

......

 സ്വകാര്യ ഭൂമിയും

സ്വകാര്യ ഭൂമിയും പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കാം. 15 വർഷങ്ങൾക്ക് ശേഷമേ ഇൗ പദ്ധതിയിൽ നിന്ന് പിൻമാറാൻ പാടുള്ളൂവെന്ന വ്യവസ്ഥ ഉടമ പാലിക്കണം. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്വകാര്യ ഭൂമിയാണ് പദ്ധതിക്ക് തിരഞ്ഞെടുത്തത്. മൂന്ന് വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃക്ഷത്തൈ പരിപാലനം.

......

'' സമ്പൂർണ ജൈവവൈവിധ്യ ആവാസ്ഥ വ്യവസ്ഥ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 പഞ്ചായത്തിൽ പദ്ധതി ആരംഭിച്ചു. ഇൗ മാസം അവസാനത്തോടെ മറ്റ് സ്ഥലങ്ങളിൽ പൂർത്തീകരിക്കും. പ്രവർത്തനം ആരംഭിച്ച പഞ്ചായത്തുകളിൽ നല്ല രീതിയിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

(രാജേഷ്, പച്ചത്തുരുത്ത് കോ-ഒാർഡിനേറ്റർ,ഹരിതകേരളം മിഷൻ)