police

 നഷ്ടപ്പെട്ട പഴ്സ് അഞ്ചാം ദിവസം വീട്ടമ്മയ്ക്ക് മടക്കി കിട്ടി

ആലപ്പുഴ: കൈവിട്ടുപോയ 1.15 ലക്ഷം രൂപയുടെ സ്വർണവും 5000 രൂപയും തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഷെറീന. പൊലീസിന്റെ മിടുക്കും നിരീക്ഷണ ക്യാമറയുമാണ് ഈ വീട്ടമ്മയ്ക്ക് നഷ്ടമായ പഴ്സ് തിരികെ കിട്ടുന്നതിന് വഴിയൊരുക്കിയത്. സംഭവമിങ്ങനെ : അഞ്ചു ദിവസം മുമ്പ് മുല്ലയ്ക്കലിൽ വച്ച് സ്വർണവും പണവുമടങ്ങുന്ന പഴ്സ് ആലപ്പുഴ നഗരസഭ മന്നത്ത് വാർഡിൽ കല്ലേലി പുരയിടത്തിൽ ഷെറീനയുടെ പക്കൽ നിന്ന് കളഞ്ഞുപോയി. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനാൽ ഇത് നഷ്ടമായെന്നു കരുതിയിരിക്കുകയായിരുന്നു ഷെറീനയും കുടുംബവും. എന്നാൽ, പൊലീസാകട്ടെ സി.സി ടിവി കാമറ പരിശോധിക്കുന്ന തിരക്കിലായിരുന്നു. ഒരു കപ്പലണ്ടി കച്ചവടക്കാരൻ നിലത്തു കിടന്ന പഴ്സ് എടുക്കുന്നതായി കാമറ ദൃശ്യങ്ങളിൽ കണ്ടു. ദൂരദൃശ്യമായിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. ഉടുത്തിരുന്ന കാവി മുണ്ടിനെ ചുറ്റിപ്പറ്റിയായി പിന്നെ അന്വേഷണം. അങ്ങനെയാണ് കാവിമുണ്ടുടുത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ശെൽവരാജന്റെ അടുക്കലേക്ക് പൊലീസെത്തിയത്. പഴ്സ് കിട്ടിയിട്ടുണ്ടെന്നും ഉടമസ്ഥർ അന്വേഷിച്ച് വരുന്നതും കാത്തിരിക്കുകയായിരുന്നെന്നും ശെൽവരാജൻ പൊലീസിനോട് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 ഒാടെ പൊലീസ് കൺട്രോൾ റൂമിലെത്തിയ ഷെറീനയ്ക്ക് എസ്.എെ കെ.ഷാജി പഴ്സ് കൈമാറി. അന്വേഷണത്തിൽ ബെൻസിഗർ ഫെർണാണ്ടസ്,രതീഷ്കുമാർ എന്നിവർ പങ്കെടുത്തു.