നടപടി കോടതി ഉത്തരവിനെ തുടർന്ന്

ചേർത്തല:പള്ളിപ്പുറം തിരുനെല്ലൂർ സഹകരണ ബാങ്കിലെ 25 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പിൽ ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് മുൻ സെക്രട്ടറി പി.എസ്.ശ്രീകുമാർ അദ്ദേഹത്തിന്റെ ഭാര്യ അനുജ ശ്രീകുമാർ,മുൻ ബോർഡ് അംഗങ്ങൾ എന്നിവരുൾപ്പെടെ 19 പേരെ പ്രതിയാക്കി കേസെടുത്തത്. നിലവിലെ ബോർഡ് തീരുമാന പ്രകാരം ബാങ്ക് സെക്രട്ടറി ജിജിമോൾനൽകിയ ഹർജിയാണ് കോടതി ഉത്തരവ്. ചേർത്തല പൊലീസിൽ നേരത്തേ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ബാങ്ക് കോടതിയെ സമീപിച്ചത്. ശ്രീകുമാർ,അനുജ,ആനന്ദവല്ലി,എം.ലിജി,ശ്യാംകുമാർ,കെ.ആർ.ഉദയൻ,ഉണ്ണിക്കണ്ണൻ,കമല എന്നിവരാണ് ഒന്നു മുതൽ എട്ടുവരെ പ്രതികൾ. 9 മുതൽ 19 വരെയുള്ള പ്രതികൾ ബാങ്കിലെ ബോർഡ് മെമ്പർമാരാണ്.

വസ്തു പരിശോധിക്കാതെയും നിയമോപദേശം സ്വീകരിക്കാതെയും 25 ലക്ഷം രൂപ അപഹരിച്ചെടുത്തിട്ടുള്ളതാണെന്നും 60 ഗഡുക്കളായി തിരിച്ചടക്കേണ്ട തുകയിൽ ഒറ്റ രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്നും ബാങ്ക് കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭാര്യയുടെ പേരിലുള്ള വസ്തു നിലമാണെന്ന് അറിഞ്ഞിട്ടും മനപ്പൂർവം മറച്ച് വെച്ച് കൃത്രിമ രേഖയുണ്ടാക്കിയാണ് ശ്രീകുമാർ വായ്പ അനുവദിച്ചത്. തീറാധാര പ്രകാരം 9,22,500 രൂപയാണ് മതിപ്പുവിലയായി നൽകിയിട്ടുള്ളത്. ആരോപണം ഉയർന്നതിനെ തുടർന്ന് ശ്രീകുമാർ സെക്രട്ടറി സ്ഥാനത്തു നിന്ന് സ്വയം വിരമിച്ചിരുന്നു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു.

 രജിസ്ട്രേഷൻ നടക്കും മുമ്പേ

വസ്തു ഈട് നൽകി

30 വർഷക്കാലം സെക്രട്ടറിയായിരുന്ന പി.എസ്.ശ്രീകുമാർ ഭാര്യയുടെ പേരിൽ ചേർത്തലതെക്ക് വില്ലേജിൽ 64/2.4ൽപ്പെട്ട 27 സെന്റ് വസ്തു കേസിലെ മൂന്നും നാലും പ്രതികളായ ആനന്ദവല്ലി,എം.ലിജി എന്നിവർക്ക് 2017 നവംബർ 20ന് തീറാധാരം നടത്തി നൽകി. ഈ വസ്തു നാലുമുതൽ 8വരെ പ്രതികളായവർക്ക് ബാങ്കിൽ നിന്നും 25 ലക്ഷം രൂപ വായ്പയെടുക്കുന്നതിന് ഈട് വെച്ചിട്ടുള്ളതായും ഹർജിയിൽ പറയുന്നു. ബാങ്ക് നിയമങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായാണ് വായ്പ അനുവദിച്ചതെന്നും 2017 നവംബർ 21,23 തിയതികളിലായി 4 മുതൽ 8വരെ പ്രതികൾക്ക് 25 ലക്ഷം രൂപ നൽകിയെങ്കിലും രേഖകൾ വൈകിയാണ് സമർപ്പിച്ചതെന്നും ഹർജിയിലുണ്ട് .2017നവംബർ 10നാണ് നാലുപേരും വായ്പയ്ക്കായി അപേക്ഷ നൽകിയത്.അപേക്ഷയൊടൊപ്പം ഈടു നൽകുന്ന വസ്തുവിന്റെ സ്റ്റേറ്റുമെന്റും നൽകിയിരുന്നു.ഈടു നൽകുന്ന വസ്തു ആനന്ദവല്ലിയുടെയും ലിജിയുടെയും പേരിലുള്ളതാണെന്നും 67.50 ലക്ഷം രൂപ മതിപ്പ് വിലയുള്ളതായും ഉടമകൾ പേരെഴുതി ഒപ്പിട്ട് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു 14നും 16നും കൂടിയ ബോർഡ് യോഗത്തിൽ ലിജി,ഉദയൻ,ഉണ്ണിക്കണ്ണൻ,കമല എന്നിവർക്ക് 5ലക്ഷം വീതവും ശ്യാകുമാറിന് 2 ലക്ഷവും വായ്പ അനുവദിക്കാൻ തീരുമാനിച്ചു. ബോർഡ് അംഗം സി.ഡി.തങ്കപ്പൻ വസ്തു സന്ദർശിച്ചുംപ്രമാണങ്ങൾ പരിശോധിച്ചും തയ്യാറാക്കിയ റിപ്പോർട്ടും നവംബർ 20ന് നടന്ന ആധാരത്തിന്റെ നമ്പരും(2436/17) വായ്പയ്ക്കുള്ള അപേക്ഷയോടൊപ്പം ചേർത്തിരുന്നു.(ആധാരം നടക്കുന്നതിന് മുമ്പ് ആധാരം നമ്പർ രേഖപ്പെടുത്തി). തുടർന്ന് അഞ്ച് വായ്പക്കാർക്കും രണ്ട് ദിവസങ്ങളിലായി 25 ലക്ഷം രൂപ കൈമാറി. ബോർഡ് തീരുമാനിച്ച 2 ലക്ഷത്തിന് പകരം ശ്യാംകുമാറിന് സെക്രട്ടറിയായ ശ്രീകുമാർ സ്വന്തം ഇഷ്ടപ്രകാരം 5 ലക്ഷം നൽകിയതായും ഹർജിയിൽ ആരോപിക്കുന്നു. വായ്പയുടെ ഇൗടിനായി നൽകിയിട്ടുള്ള വസ്തു അഞ്ച് അപേക്ഷകൾ സ്വീകരിച്ച സമയത്തും അനുജയുടെ പേരിൽ തന്നെയായിരുന്നു.