ആലപ്പുഴ:കേരളത്തിലെ കൃഷിക്കാർക്കും കർഷക തൊഴിലാളികൾക്കും കുടികിടപ്പുകാർക്കും തല ചായ്ക്കാൻ ഒരു തുണ്ടു ഭൂമിയുടെ അവകാശം കിട്ടാൻ വഴിവച്ച ചരിത്ര പ്രസിദ്ധമായ അറവുകാട് പ്രഖ്യാപനത്തിന് ഇന്ന് 50 വയസ്.പ്രഖ്യാപനത്തിന്റെ ആവേശമുൾക്കൊണ്ട് സംസ്ഥാനത്തെമ്പാടും ഭൂമി വളച്ചുകെട്ടി അവകാശം സ്ഥാപിക്കാൻ സി.പി.എം നേതൃത്വത്തിൽ നടത്തിയ മുന്നേറ്റത്തിൽ രക്തസാക്ഷികളായത് 18 പേർ.പതിനായിരത്തിലധികം പേർക്കാണ് പൊലീസിന്റെയും ഗുണ്ടകളുടെയും കൊടിയ മർദ്ദനമേറ്റത്. ഏറെ ചോര ചീന്തിയെങ്കിലും 37 ലക്ഷം പേർക്ക് സ്വന്തമായി ഭൂമിയും കൈവശാവകാശവും കിട്ടിയത് മുന്നേറ്റത്തിന്റെ അന്തിമവിജയം.
!957 ലെ പ്രഥമ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് കാർഷിക ബന്ധ നിയമനിർമാണത്തിന് തുടക്കമിട്ടു. പക്ഷെ സുപ്രീംകോടതിയുടെ പടിവാതിലിൽ അതിന് വിരാമമായി.തിക്താനുഭവത്തിന്റെ നേർക്കാഴ്ച മുന്നിലുണ്ടായിട്ടും തികഞ്ഞ ഇച്ഛാശക്തിയോടെയാണ് 1969 ൽ കാർഷിക ഭൂപരിഷ്കരണ (ഭേദഗതി) നിയമം രണ്ടാം ഇ.എം.എസ് സർക്കാർ പാസാക്കിയത്.അതോടെ ഐക്യമുന്നണി സർക്കാരിലെ ഘടക കക്ഷികളായിരുന്ന സി.പി.ഐ, മുസ്ലീംലീഗ്, കേരള കോൺഗ്രസ് പാർട്ടികൾ പിന്തുണ പിൻവലിച്ചു. നിയമസഭ പാസാക്കിയ നിയമം എങ്ങനെ നടപ്പാക്കണമെന്ന് ആലോചിക്കാനും ചർച്ച ചെയ്യാനുമാണ് കർഷക - കർഷക തൊഴിലാളി സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും 1969 ഡിസംബർ 13, 14 തീയതികളിൽ ആലപ്പുഴ നഗരത്തിന്റെ തെക്കൻ പ്രാന്തമായ പുന്നപ്രയിലെ അറവുകാട് ക്ഷേത്ര മൈതാനിയിൽ സമ്മേളിച്ചത്.കർഷക- കർഷക തൊഴിലാളി സംഘടനകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമായി 2000 ത്തിലേറെ പ്രതിനിധികൾ പങ്കെടുത്തു. എ.കെ.ജിയാണ് അദ്ധ്യക്ഷത വഹിച്ചത് .സമ്മേളനം ഒരു അവകാശ പ്രഖ്യാപന രേഖ അംഗീകരിച്ചു.14 ന് നടന്ന വിപുലമായ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ജനലക്ഷങ്ങളാണ് എത്തിയത്.1970 ജനുവരി ഒന്നുമുതൽ ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നതായി കണക്കാക്കുമെന്ന് സമ്മേളനത്തിൽ പ്രഖ്യാപനവും വന്നു.
എ.കെ.ജിയുടെ പ്രഖ്യാപനം,
ആവേശത്തിൽ ജനസഞ്ചയം
' രാഷ്ട്രപതി ഒപ്പിട്ടാലും ഇല്ലെങ്കിലും ഈ ജനുവരി ഒന്നുമുതൽ നമ്മൾ ഭൂമിയിൽ അവകാശം സ്ഥാപിക്കും'.ഡിസംബർ 14 ലെ സന്ധ്യയിൽ അറവുകാട് മൈതാനത്ത് ഉച്ചഭാഷിണിയിലൂടെ എ.കെ.ജിയുടെ മുഴക്കമുള്ള ശബ്ദത്തിൽ ഈ പ്രഖ്യാപനം പുറത്തേക്കു വന്നതോടെ ജനസഞ്ചയം ആവേശത്താൽ ഇളകി മറിഞ്ഞു. വി.എസ്.അച്യുതാനന്ദൻ മുഖ്യസംഘാടകനായിരുന്ന സമ്മേളനത്തിൽ കിസാൻ സഭാ നേതാക്കളായ ഹരേകൃഷ്ണ കോനാർ, സി.പി.എം നേതാക്കളായ ഇ.എം.എസ്,പി. സുന്ദരയ്യ,പ്രാദേശിക നേതാക്കളായ മത്തായി മാഞ്ഞൂരാൻ, ഫാ.വടക്കൻ, ബി.വെല്ലിംഗ്ടൺ തുടങ്ങിയവർ പങ്കെടുത്തു. ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധരായ ജന്മിമാരുമായി ആലോചിച്ചു തീർപ്പാക്കാൻ ജില്ലാ-താലൂക്ക്,വില്ലേജ് തലത്തിൽ അനുരഞ്ജന കമ്മിറ്റികൾ രൂപീകരിക്കാനും സമ്മേളനത്തിൽ ധാരണയായി.
ജനുവരി ഒന്നിന് തന്നെ സി.പി.എം നേതൃത്വത്തിൽ കുടികിടപ്പവകാശ സമരം കേരളത്തിലെമ്പാടും തുടങ്ങി.കാർത്തികപ്പള്ളി താലൂക്കിലെ കള്ളിക്കാട്ട് സമരത്തോടനുബന്ധിച്ചുണ്ടായ പൊലീസ് വെടിവയ്പ്പിൽ നീലകണ്ഠൻ, ഭാർഗ്ഗവി എന്നിവർ രക്തസാക്ഷികളായതും ചരിത്രം.