വണ്ടാനം മെഡി.കോളേജ് ആശുപത്രി ജംഗ്ഷനിൽ അപകടം പതിവ്
അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷൻ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും പേടിസ്വപ്നമായി മാറുന്നു. അമിതവേഗതയിൽ പായുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വച്ചാണ് യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത്. തെക്ക് ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് സീബ്രാ ലൈനിനു സമീപമായതാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഇരുഭാഗത്തെയും ബസ് സ്റ്റോപ്പുകൾ ജംഗ്ഷനിൽ നിന്ന് മാറ്റുകയും സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയും ചെയ്താൽ അപകട സാദ്ധ്യത ഇല്ലാതാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകളും ഈ തിരക്കിനിടയിലൂടെ വേണം കടന്നുപോകാൻ. പകൽ സമയങ്ങളിൽ ഇവിടെ ഹോം ഗാർഡിന്റെ സേവനം ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ അതുമില്ല. ഹോംഗാർഡ് പെട്ടെന്ന് സ്റ്റോപ്പ് സിഗ്നൽ കാട്ടുമ്പോൾ നിറുത്തുന്ന വാഹനങ്ങൾക്കു പിന്നിൽ മറ്റ് വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാകുന്നതും പതിവാണ്. കെ.എസ്.ആർ.ടി.സി ബസുകളുടെ സ്റ്റോപ്പ് ജംഗ്ഷനിൽ നിന്ന് തെക്കുഭാഗത്തേക്ക് മാറ്റി ബോർഡ് സ്ഥാപിച്ചെങ്കിലും ബസുകൾ ഇപ്പോഴും സീബ്രാലൈനിനു സമീപം തന്നെയാണ് നിറുത്തുന്നത്.
സ്റ്റോപ്പ് മാറ്റിയാലും
പ്രശ്നമൊഴിയില്ല!
അമ്പലപ്പുഴ ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് തെക്കോട്ടു മാറ്റി സ്ഥാപിച്ചാൽ ഇവിടെ എതിർവശത്തായി സ്കൂളുള്ളതിനാൽ കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങർ ഇപ്പോൾ മുസ്ലിം പള്ളിയുടെ മുന്നിലാണ് നിർത്തുന്നത്. ഇതിനോട് ചേർന്ന് തീരദേശത്തേക്കുള്ള റോഡും ഉണ്ട്. ബസുീൾ നിർത്തിയിട്ടിരിക്കുമ്പോൾ തീരദേശറോഡിൽ നിന്നുമെത്തുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. .വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ സംവിധാനമൊരുക്കണമെന്നാണ് പ്രദേശവാസികളുടേയും ആശുപത്രിയിലെത്തുന്നവരുടെയും ആവശ്യം.
'' അമ്പലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ ആശുപത്രി ജംഗ്ഷന് വടക്കുഭാഗത്തായി നിറുത്തി ആളുകളെ ഇറക്കുകയും, കയറ്റുകയും ചെയ്താൽ ഈ ഭാഗത്തെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനാവും. ജംഗ്ഷനിൽ സിഗ്നൽ സംവിധാനം ഒരുക്കി വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണം
- ബി. ഷാജി, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗംവണ്ടാനം 245ാം നമ്പർ ശാഖ