കായംകുളം: കായംകുളത്തെ എ.ടി.എമ്മുകളിൽ കയറുന്ന ഇടപാടുകാർക്ക് ലഭിയ്ക്കുന്നത് എനി ടൈം പണി മാത്രം. നഗരത്തിൽ കൂണുകൾ പോലെ എ.ടി. എമ്മുകൾ ഉണ്ടെങ്കിലും പണം ഇല്ലെന്നതാണ് അവസ്ഥ. പണം ലഭിക്കുന്നത് ചിലതിൽ നിന്നു മാത്രം. സഹകരണ മേഖലയിലെയും പൊതുമേഖലയിലെയും ഉൾപ്പെടെ വിവിധ ബാങ്കുകളുടെ ഒട്ടനവധി എ.ടി.എം കൗണ്ടറുകളാണ് ഇവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.
കാലിയായ എ.ടി.എം കൗണ്ടറുകളിൽ കയറി ജനങ്ങൾ വലഞ്ഞിട്ടും യാതൊരു നടപടിയുമില്ല.
ഇടപാടുകാർക്ക് കൂടുതൽ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന വിവിധ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളാണ് ഉപഭോക്താക്കൾക്ക് സേവനം നൽകാതെ എപ്പോഴും പണിമുടക്കുന്നത്. പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവിധ ബാങ്കുകൾ എ.ടി.എം കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇവ ഉപകാരപ്രദമാകുന്നില്ലെന്ന പരാതി ശക്തമാണ്.
പൊതുജനങ്ങൾക്ക് ബാങ്കിൽ നേരിട്ട് ചെന്ന് ഇടപാടുകൾ നടത്താതെ വേഗത്തിൽ പണം പിൻവലിക്കാനുള്ള സൗകര്യവും ബാങ്കിലുണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുക എന്നൊക്കെയുള്ള ലക്ഷ്യത്തോടെയാണ് ബാങ്കുകൾ എ.ടി.എം സംവിധാനം തുടങ്ങിവച്ചത്. എന്നാൽ പണം പിൻവലിക്കാൻ എ.ടി.എമ്മിൽ കയറുന്നവർക്ക് നിരാശയാണ് ഫലം.
ചില സ്ഥലങ്ങളിൽ ഒരു കെട്ടിടത്തിൽ ഒന്നിലേറെ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകൾ ഒന്നിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പണം പിൻവലിക്കാനെത്തുമ്പോൾ പല എ.ടി.എം കൗണ്ടറുകളിലും ആവശ്യത്തിന് പണം ഉണ്ടാകാറില്ല. ചില സ്ഥലങ്ങളിൽ ഇവയുടെ പ്രവർത്തനം തന്നെ നിലച്ച അവസ്ഥയിലാണ്. എ.ടി.എം മെഷീനിലെ ചില ബട്ടണുകളിൽ അമർത്തുമ്പോൾ തെറ്റായ വിവരങ്ങൾ തെളിയുകയും ഇടപാടുകൾ സംബന്ധിച്ച രസീതുകൾ തുടർച്ചയായി കിട്ടാതെ വരുന്നു, പണം പിൻവലിക്കാൻ കൂടുതൽ സമയം എടുക്കുന്നെന്ന പരാതിയും വ്യാപകമാണ്.
മൈൻഡ് ചെയ്യാതെ മാനേജർമാർ
എ.ടി.എം പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പരാതികൾ അതാത് ബാങ്കുകളുടെ ശാഖാ മാനേജർമാരെ അറിയിച്ചാൽ അവർ അത് ചെവിക്കൊള്ളുന്നില്ലെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ഓണ നാളുകളിൽ ബാങ്ക് അവധി തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾത്തന്നെ എ.ടി.എമ്മുകൾ കാലിയായിത്തുടങ്ങിയിരുന്നു. വരാൻ പോകുന്ന ക്രിസ്മസ് - പുതുവത്സര ദിനങ്ങളിലും എ.ടി.എമ്മുകൾ നിർജീവമായി ഇടപാടുകൾ നടത്താൻ കഴിയാതെ വലയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.