 പരിക്കേറ്റവരിൽ രണ്ട് വനിതാ ജീവനക്കാരും

ആലപ്പുഴ: ജില്ലാ പൊലീസ് എംപ്ളോയീസ് സഹകരണസംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സഹകരണസംഘത്തിലെ രണ്ട് വനിതാ ജിവനക്കാർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. മൂന്നുപേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ജീവനക്കാരായ നവലക്ഷ്മി, അശ്വതി പുളിങ്കുന്ന് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ നവാസ് എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സഹകരണസംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 2188വോർമാരിൽ 1699പേർ വോട്ട് രേഖപ്പെടുത്തി. ലിസ്റ്റിൽ ഉൾപ്പെട്ട 150പൊലീസുകാർ ശബരിമല ഡ്യൂട്ടിക്ക് പോയതിനാൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇവർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇവർക്കു കൂടി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് റിട്ടേണിംഗ് ഓഫീസറോടും സഹകരണവകുപ്പിനോടും കോടതി നിർദേശിച്ചിരുന്നു. ശബരിമല ഡ്യൂട്ടിക്ക് പോയിരുന്ന പൊലീസുകാർക്കായി നാളെ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിന്റെ ക്രമീകരണത്തിന്റെ ഭാഗമായി റിട്ടേണിംഗ് ഓഫീസർ ഇന്നലെ രാവിലെ സഹകരണസംഘം ഓഫീസിൽ എത്തിയപ്പോൾ എൽ.ഡി.എഫ് അനുകൂലികളായ പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളും സഹകരണസംഘത്തിൽ എത്തി.

റിട്ടേണിംഗ് ഓഫീസർ പരിശോധിക്കുന്നതിനിടെ രജിസ്റ്റർ കൈക്കലാക്കാൻ അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിയൊരുക്കിയതെന്ന് നിലവിലെ സഹകരണസംഘം ഭാരവാഹികൾ ആരോപിച്ചു. വനിതാ ജീവനക്കാരികളും സഹകരണസംഘം ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികൾക്ക് എതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ചേരിതിരിവ് രൂക്ഷമായതോടെ സൗത്ത് പൊലീസ് സ്ഥലത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് അഡീഷണൽ ഡിവൈ എസ്.പി ഇരു വിഭാഗത്തെയും വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു.

വോട്ടെടുപ്പ് ദിവസവും പൊലീസുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. അന്ന് ഇരു വിഭാഗത്തിലെയും പൊലീസുകാർക്ക് പരിക്കേറ്റു. 1993ൽ രൂപീകരിച്ച സംഘത്തിൽ തുടക്കം മുതൽ യു.ഡി.എഫ് അനുകൂല ഭരണമായിരുന്നു. ഇത്തവണ ഇരുപക്ഷവും തിരഞ്ഞെടുപ്പിൽ സജീവമായതോടെയാണ് സംഘർഷത്തിന് വഴിയൊരുക്കിയത്.

നിലവിലെ ഭാരവാഹികൾ പറയുന്നത്

രജിസ്റ്റർ എടുക്കുന്നത് തടഞ്ഞ വനിതാ ജീവനക്കാരെ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ തള്ളിയിട്ടു. ഇതിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ നവാസുമായി ഉന്തും തള്ളുമുണ്ടായി.

പൊലീസ് അസോ.ഭാരവാഹികൾ പറയുന്നത്

തങ്ങൾ സഹകരണസംഘത്തിൽ അതിക്രമിച്ച് കയറിയിട്ടില്ല. പൊലീസുകാർക്ക് നൽകുന്ന തിരിച്ചറിയൽ രേഖകളിൽ കൃത്രിമം കാട്ടിയതിനെതിരെ നൽകിയ പരാതി പരിശോധിക്കാൻ എത്തിയ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പമാണ് വന്നത്. രേഖകൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണം തെറ്റാണ് .പരിശോധന കാമറയിൽ പകർത്തിയ പൊലീസുകാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് തടയുകയാണ് ചെയ്തത്.