tv-r

അരുർ: തിരക്കേറിയ തുറവൂർ - കുമ്പളങ്ങി റോഡിൽ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടക്കെണിയായ കുഴികൾ മൂടാൻ നടപടിയില്ല. വിപഞ്ചിക ബസ് സ്റ്റോപ്പിലും പാറായി കവലയിൽ എസ്.ബി.ഐ. എ.ടി.എമ്മിന് മുന്നിലുമാണ് റോഡിൽ രണ്ട് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. വഴിവിളക്കില്ലാത്തതിനാൽ ഇവിടെ രാത്രിയിൽ നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. കുഴികളിൽ ഒരെണ്ണം വാട്ടർ അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ടതാണ്. വാട്ടർ അതോറിറ്റി അശാസ്ത്രീയമായി വാൽവ് നിർമിച്ചതു മൂലം ഉണ്ടായതാണ് രണ്ടാമത്തെ കുഴി. പൈപ്പുപൊട്ടിയതിനാൽ പമ്പിംഗ് സമയത്ത് ശുദ്ധജലവും പാഴാകും. കുഴികൾ അടിയന്തരമായി മൂടാൻ നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ്. എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രി, എക്സിക്യുട്ടീവ് എൻജിനീയർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. യോഗത്തിൽ പി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി റാഫേൽ, അനിൽ, എം.ടി. മനേഷ്, വിജേഷ് പദ്മനാഭൻ, രമേഷ് തുടങ്ങിയവർ സംസാരിച്ചു.