കുട്ടനാട് : ഊരുക്കരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ്‌ സെന്ററും എ.സി.റോഡരികിൽ മാമ്പുഴക്കരി ജംഗ്ഷനിൽ പ്രവർത്തിക്കുന്നതുമായ കുടുംബക്ഷേമ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം വേണമെന്ന ആവശ്യം ശക്തമായി.

രാമങ്കരി പഞ്ചായത്തിന് കീഴിലുള്ള ഊരുക്കരി പ്രാഥമികാരോഗ്യ കേന്ദ്രം എ സി റോഡിൽ നിന്നും കിലോമീറ്ററുകളോളം ദൂരെമാറിയാണ് പ്രവർത്തിക്കുന്നത്. എ.സി റോഡിൽ വാഹനാപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകാൻ പോലും മറ്റ് സൗകര്യങ്ങളില്ല. വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയേയോ ആലപ്പുഴ ജില്ലാ ആശുപത്രിയേയൊ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയേയോ ആശ്രയിക്കുക മാത്രമാണ് ഏക പോംവഴി. എ.സി റോഡരികിലെ കുടുംബക്ഷേമ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ഉണ്ടെങ്കിൽ ഇത്തരം അടിയന്തരഘട്ടങ്ങളിൽ പ്രയോജനപ്പെടും.

നിലവിൽ എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞ് ജീവിത ശൈലി ക്ലിനിക്ക്, ചൊവാഴ്ചകളിൽ ഗർഭിണികൾക്കു പരിശോധന തുടങ്ങിയവയാണ് ഇവിടെ നടക്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പൂർണസമയം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഡോക്ടറെ നിയമിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം പി.ജി.സലിംകുമാർ പറഞ്ഞു.