 ചിറപ്പിന് ഇന്ന് തുടക്കം

ആലപ്പുഴ : ഇനിയുള്ള പകലിരവുകൾ ആലപ്പുഴ നഗരത്തിന് ആഘോഷത്തിന്റേതാണ്. നഗരത്തിന്റെ പ്രൗഡിയും പാരമ്പര്യവും വിളിച്ചോതുന്ന, 11നാൾ നീണ്ടുനിൽക്കുന്ന മുല്ലയ്ക്കൽ ചിറപ്പിന് ഇന്ന് തുടക്കമാകും. വരുംദിവസങ്ങളിൽ മുല്ലയ്ക്കൽ തെരുവിൽ ജനസഞ്ചയമൊഴുകും.കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് 20ന് കൊടിയേറുന്നതോടെ തിരക്ക് ഇരട്ടിക്കും.

രണ്ടു ക്ഷേത്രങ്ങളിലെയും ഉത്സവം നഗരത്തിന് വാണിജ്യോത്സവം കൂടിയാണ്. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ചിറപ്പെങ്കിലും നാനാജാതി മതസ്ഥർ ഒരേ മനസോടെ പങ്കുകൊള്ളുന്ന ആഘോഷമാണിത്. ചിറപ്പുത്സവത്തിന് എത്തുന്ന ജനസാഗരത്തെ വരവേൽക്കാൻ എ.വി.ജെ ജംഗ്ഷനിൽ അലങ്കാര ഗോപുരം ഒരുങ്ങി . കിടങ്ങാം പറമ്പ് ഉത്സവത്തിന്റെ ഭാഗമായി ജില്ലാ കോടതിക്കു സമീപവും അലങ്കാര ഗോപുരമുണ്ട്. തമിഴ്‌നാട്ടിൽനിന്നും ഇതരദേശങ്ങളിൽ നിന്നെല്ലാം കച്ചവടത്തിനായി ആളുകളെത്തി. സീറോ ജംഗ്ഷൻ മുതൽ കിടങ്ങാംപറമ്പ് ജംഗ്ഷൻ വരെ വഴിവാണിഭക്കാർ കൈയടക്കി.

.മണ്ഡലകാലത്തോളം നീണ്ടു നിൽക്കുന്ന കളഭാഭിഷേകവും മുല്ലയ്ക്കൽ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

അണിഞ്ഞൊരുങ്ങി നിൽക്കുന്ന മുല്ലയ്ക്കൽ തെരുവും വൈദ്യുതാലങ്കാരങ്ങളും ചിറപ്പിന്റെ മാറ്റ് കൂട്ടുന്നു. ചിറപ്പ് 27 ന് അവസാനിക്കും.

കിട്ടാത്തതായി ഒന്നുമില്ല

മുല്ലയ്ക്കലിലെ വഴിവാണിഭത്തിൽ കിട്ടാത്തവയായൊന്നുമുണ്ടാകില്ല. കരിവളയും കൺമഷിയും മുതൽ കല്ലുരലും കറിക്കത്തികളും വരെ ഇവിടെ വില്പനയ്ക്ക് നിരക്കും. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, പലഹാരങ്ങൾ, കരിമ്പ് തുടങ്ങി നഗരത്തിലെ വാണിജ്യോത്സവത്തിനില്ലാത്തതൊന്നുമുണ്ടാകില്ല.

മുല്ലയ്ക്കൽ തെരുവിൽ പ്രധാന കേന്ദ്രങ്ങളിൽ താത്കാലിക കടകൾ കെട്ടിക്കഴിഞ്ഞു. ഇന്നലെയും നഗരസഭയിൽ അപേക്ഷ നൽകിയവർക്ക് കടകൾ കെട്ടാൻ അനുമതി നൽകി. സ്ഥിരം കടകൾ കാണാൻ കഴിയാത്തവിധം മൂടിക്കെട്ടി താത്കാലിക കടകൾ നിർമ്മിക്കരുതെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിച്ചാണ് ഇക്കുറി അനുമതി നൽകിയത്.

 കാർണിവൽ ഇല്ല

മുൻകാലങ്ങളിൽ ചിറപ്പിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു കാർണിവൽ. ജി.എസ്.ടിയും സ്ഥലവാടകയുമായി നല്ലൊരു തുക നൽകേണ്ടി വരുന്നതിനാൽ ഇത്തവണ കാർണിവൽ നടത്തിപ്പിന് ആരുമെത്തിയില്ല.

മുല്ലയ്ക്കലിൽ ഇന്ന്

ഭക്തിഗാനസുധ രാവിലെ 5 ന് , കുങ്കുമാഭിഷേകം 10.30 ന്,നാരായണീയ പാരായണംവൈകിട്ട് 3.30 ന് ,കാഴ്ചശ്രീബലി 5.30 ന് ,കടലൂർ കെ.പി.അറുമുറഖത്തിന്റെ സ്പെഷ്യൽ നാദസ്വര കച്ചേരി 6 ന് ,7 ന് പഴയ തിരുമല നിരഞ്ജിനി ഭജൻസിന്റെ ഭക്തിഗാനമേള ,10.30 ന് എതിരേൽപ്പ്,11ന് തീയാട്ട് .