ആലപ്പുഴ: റെയിൽവെയുടെ ഭാഗത്തുനിന്നുള്ള സഹകരണം തുടർന്നാൽ ആലപ്പുഴ ബൈപാസ് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.ശവക്കോട്ടപ്പാലം വീതികൂട്ടുന്നതിന്റെയും കൊമ്മാടി പാലം പുനർനിർമിക്കുന്നതിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി.

റെയിൽവേ മേൽപ്പാലത്തിന്റെ 98 ശതമാനവും പൂർത്തിയായിട്ട് ഒന്നര വർഷം കഴിഞ്ഞു.അഞ്ച് ഗർഡർ അടങ്ങുന്ന ഒരു റെയിൽവേ ഓവർബ്രിഡ്ജും പൂർത്തിയായി.അതിന്റെ പരിശോധനയും കഴിഞ്ഞു.അഞ്ച് ഗർഡർ അടങ്ങുന്ന രണ്ടാമത്തെ ഓവർബ്രിഡ്ജിന്റെ ബോൾട്ടുകൾ വ്യാസം കൂട്ടി നിർമ്മിച്ചുകൊണ്ടിരിക്കുന്നു. കൊമ്മാടി ജംഗ്ഷൻ,കളർകോട് ജംഗ്ഷൻ വികസനം പൂർത്തിയായിട്ടില്ല. അപ്രോച്ച് റോഡുകൾ ഇരുവശവും സംരക്ഷിക്കുന്ന സംവിധാനം ഉടൻ കരാറുകാരൻ പൂർത്തിയാക്കണമെന്നും മന്ത്റി നിർദ്ദേശിച്ചു.

ആലപ്പുഴയെ കാലത്തിനനുസരിച്ച് പുതുക്കിപ്പണിയാനാണ് ശ്രമിക്കുന്നത്. 500 കോടി മുടക്കി ചെറുതും വലുതുമായ തോടുകൾ നവീകരിക്കുകയാണ്.കാപ്പിത്തോട് നവീകരണത്തിനും 20 കോടി ധനമന്ത്റി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എങ്ങനെയായിരുന്നു കേരളത്തിലെ റോഡുകളുടെ അവസ്ഥ എന്ന് എല്ലാവരും ഓർമ്മിക്കുന്നത് നല്ലതാണ്. ഇപ്പോൾ നഗരത്തിലെ എല്ലാ റോഡുകളും ഗതാഗത യോഗ്യമാണ്.നഗരസഭയുടെയും പഞ്ചായത്തുകളുടെയും പക്കലുള്ള ചെറിയ റോഡുകൾ വരെ ജില്ലയിൽ പി.ഡബ്ല്യു.ഡി നിർമിച്ചുവരികയാണ്. ജില്ല കോടതിപ്പാലം 99 കോടി മുടക്കി പുനർനിർമിക്കും. വികസന പദ്ധതികൾക്കെതിരെ ഒരു വിഭാഗം ഉന്നയിക്കുന്നത് തെ​റ്റായ ആരോപണങ്ങളാണെന്നും മന്ത്റി പറഞ്ഞു.

മന്ത്റി തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. 40,000 ലോഡ് ചെളി നീക്കിയാലെ ആലപ്പുഴയിലെ കനാൽ വൃത്തിയാക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. എളുപ്പമുള്ള ജോലിയല്ല സർക്കാർ ഏ​റ്റെടുത്തിരിക്കുന്നത്. എ.എസ്.കനാലിലെ മുഴുവൻ ചെളിയും മാ​റ്റുമ്പോൾ പായൽ വീണ്ടും വരുന്നത് തടയാൻ കഴിയുമെന്നും മന്ത്റി പറഞ്ഞു.

നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വാർഡ് കൗൺസിലർമാരായ കരോളിൻപീ​റ്റർ, എം.കെ.നിസാർ, കെ.ജെ.പ്രവീൺ, ആർ.ഷീബ, ആർ.നാസർ, ടി.ജെ.ആഞ്ചലോസ് , ഡാർലിൻ കാർമലി​റ്റ ഡിക്രൂസ്, എസ്.മനോമോഹൻ, എൻ.സന്തോഷ് കൂമാർ, എൻ.ബിന്ദു എന്നിവർ പ്രസംഗിച്ചു