g-sudhakaran

ആലപ്പുഴ: കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നതിന് ജഡ്ജിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോയെന്ന് മന്ത്രി ജി. സുധാകരൻ. പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കോടതി നടത്തിയ വിമർശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ആലപ്പുഴയിൽ ശവക്കോട്ട പാലത്തിന്റെ വീതി കൂട്ടൽ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്തവരെ വേണം വിമർശിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

'ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിയെ താൻ ആലപ്പുഴയ്ക്ക് ക്ഷണിക്കാൻ പോവുകയാണ്. ഇവിടെ വല്ല കുണ്ടും കുഴിയുമുണ്ടോ. ചിലയിടങ്ങളിൽ കുഴപ്പമുണ്ട്. അത് പരിഹരിക്കാൻ നടപടിയെടുത്തു കൊണ്ടിരിക്കുന്നു. അല്ലാതെ മൂക്കത്ത് വിരൽ വച്ചിട്ട് കാര്യമില്ല. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നത്. എന്തോ പുതിയ കാര്യം പോലെ. കോടതികളിൽ എത്ര ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നു. അത് ജഡ്ജിമാരുടെ കുറ്റമാണോ. ജഡ്ജിമാരുടെ കുറവുണ്ട്, സ്റ്റാഫിന്റെ കുറവുണ്ട്, സൗകര്യങ്ങളുടെ കുറവുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 700 കോടിയുടെ കെട്ടിടങ്ങളാണ് കോടതികൾക്കുവേണ്ടി നിർമ്മിച്ചു കൊടുത്തത്. കോടതി എന്തു പറഞ്ഞോ അത് ചെയ്തുകൊടുക്കുന്നു. കോടതിയെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. ഒരു ദാരുണസംഭവമുണ്ടായപ്പോൾ കോടതി പ്രതികരിച്ചു. അത് സ്വാഭാവികം. നമ്മുടെ നാട്ടിൽ എല്ലാവവരും ഉത്തരവാദിത്വം നിർവഹിക്കണം. പൊതുമരാമത്ത് മന്ത്രിയും ധനമന്ത്രിയും ഉത്തരവാദിത്വം നിർവഹിച്ചാൽ മതിയോ. പൈസ കൊടുത്താൽ കുഴി അടയ്ക്കണ്ടെ, അപായ സൂചനാബോർഡ് വയ്ക്കണ്ടെ. അതിനല്ലേ ശമ്പളം കൊടുക്കുന്നത്. കുറ്റം ചെയ്തവരിലേക്ക് തിരിയണം. അല്ലാതെ പൊതുവേ പറയരുത്. ആരിലും വിശ്വാസമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.