ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായില്ല
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടലിന് പരിഹാരം ഇനിയും വൈകും. ഒന്നര കിലോമീറ്റർ നീളത്തിലെ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിൽ ജല അതോറിട്ടി ഉദ്യോഗസ്ഥർ രണ്ട് തട്ടിലായതോടെയാണ് ഇന്നലെ ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ തീരുമാനമാകാതെ പിരിഞ്ഞത്. മന്ത്രിമാരായ തോമസ് ഐസക്, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. അടുത്ത ആഴ്ച തിരുവനന്തപുരത്ത് വീണ്ടും മന്ത്രിതല യോഗം നടക്കും. അടിക്കടി പൊട്ടുന്ന നിലവാരമില്ലാത്ത പൈപ്പ് മാറ്റി സ്ഥാപിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്.
600മീറ്റർ നീളത്തിൽ പൈപ്പ് മാറ്റി സ്ഥാപിച്ചാൽ മതിയെന്നും ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നും ജലഅതോറിട്ടി ചീഫീ എൻജിനിയർ പ്രകാശ് യോഗത്തിൽ അറിയിച്ചു. എന്നാൽ, 1200 മീറ്റർ നീളത്തിൽ പൈപ്പ് മാറണമെന്നും നിലവിലുള്ള റോഡ് പൊളിച്ച് പൈപ്പിടാൻ ചുരുങ്ങിയത് ഒരു വർഷം വേണ്ടി വരുമെന്നും പ്രോജക്ട് ചീഫ് എൻജിനിയർ എസ്.ലീന പറഞ്ഞു. 1200മീറ്റർ എച്ച്.ഡി.പി പൈപ്പിന് പകരം എം.എസ് പൈപ്പ് ഇടാൻ നിലവിലെ കരാറുകാരനെചുമതലപ്പെടുത്തിയെന്നും അവർ യോഗത്തെ അറിയിച്ചു. പൈപ്പ് കിട്ടാനുള്ള കാലതാമസം പദ്ധതി പൂർത്തീകരണത്തിന് വിനയാകും. പ്ളാൻഫണ്ട് ഉപയോഗിച്ച് ചെലവഴിക്കുന്നതിനാൽ ടെണ്ടർ നടപടിയിലൂടെയേ ജോലികൾ ആരംഭിക്കാൻ കഴിയുകയുള്ളൂ. അതിന് ഒരുവർഷത്തിൽ കൂടുതൽ സമയം വേണ്ടിവരും.
നിലവിലയ കരാറുകാരനെ ജോലി ചെയ്യാൻ ചുമതലപ്പെടുത്തിയാൽ കരാറുകാരൻ കോടതിയെ സമീപിക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ അത് വകുപ്പിന് വിനയാകുമെന്നും ലീന യോഗത്തിൽ തുറന്ന് പറഞ്ഞു. എന്നാൽ രാവിലെ മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ നടത്തിയ ചർച്ചയിൽ എന്തുകൊണ്ട് ചീഫ് എൻജിനിയർ പൂർണ്ണ വിവരം പറഞ്ഞില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ആരാഞ്ഞു. നഗരസഭയോട് ചേർന്നു കിടക്കുന്ന ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് വ്യക്തമാക്കാൻ മന്ത്രി തോമസ് ഐസക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിലുള്ള കുഴൽ കിണറുകൾ പുനരുദ്ധിച്ച് മൂന്ന് പഞ്ചായത്തുകളിലും വെള്ളം എത്തിക്കാൻ നടപടിയുണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു.കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കുട്ടനാട്, ചെങ്ങന്നൂർ കുടിവെള്ള പദ്ധതികളുടെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി.
ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ മൃൺമയി ജോഷി ശശാങ്ക്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
തീരുമാനം അടുത്തയാഴ്ച
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിതല യോഗം തീരുമാനം എടുക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഗുണനിലവാരമുള്ള പൈപ്പായിരിക്കും പുതുതായി സ്ഥാപിക്കുക. നിലവിൽ പ്രധാന റോഡ് പൊളിച്ച് പൈപ്പ് മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് അന്തിമ തീരുമാനം മന്ത്രിതല സമിതിക്ക് വിട്ടത്. പ്രധാന പാതയിലൂടെ പൈപ്പ് പുനഃസ്ഥാപിക്കുക, റോഡ് പൊളിക്കാതെ പ്രധാന വഴിയിൽ നിന്നും മാറി ഇടറോഡിലൂടെ പൈപ്പ് സ്ഥാപിക്കുക എന്നിങ്ങനെ രണ്ട് അഭിപ്രായങ്ങളാണ് യോഗത്തിൽ ഉയർന്നത്.
മറവൻതുരുത്തിൽ ഉടൻ പരിഹാരം
ചേർത്തല, അരൂർ പ്രദേശങ്ങളിലെ ശുദ്ധജല വിതരണത്തിലെ തടസത്തിന് പരിഹാരം കാണുന്നതിന് മറവൻതുരുത്തിൽ 400മീറ്റർ പൈപ്പ് മാറ്റിയിടും. ഇവിടുത്തെ റോഡുകളുടെ നവീകരണം ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
''ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗുണനിലവാരം കുറഞ്ഞ പൈപ്പ് വാങ്ങിയത് വാട്ടർ അതോറിട്ടിയുടെ വീഴ്ചയാണ്.അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകും
മന്ത്രി കെ.കൃഷ്ണൻകുട്ടി
''കിഫ്ബിയിൽ നിന്ന് പണം നൽകുന്ന പദ്ധതികളുടെ അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ രേഖകൾ ഇല്ലാതെ എത്തി വിവരങ്ങൾ തപ്പിതടഞ്ഞ് സംസാരിക്കുന്നത് ശരിയായ നടപടിയല്ല
മന്ത്രി തോമസ് ഐസക്